കൊച്ചി: മറ്റൊരു ടീമിനും ലഭിക്കാത്ത കേരള ബ്ലാസ്റ്റേര്‍സിന്‍റെ ശക്തി അതിന്‍റെ ആരാധകരാണ്. അതുകൊണ്ട് തന്നെ കൊച്ചിയില്‍ കളിക്കാനെത്തുന്ന എതിര്‍ടീമുകള്‍ക്ക് ഏറ്റവും വെല്ലുവിളി സ്‌റ്റേഡിയത്തിലെ മഞ്ഞപ്പടയാണ്. 12 പേരുമായാണ് കൊച്ചിയില്‍ തങ്ങള്‍ക്ക് കളിക്കേണ്ടി വരുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ വരുന്ന ടീമുകളുടെ പരിശീലകര്‍ പറയുന്നതും ആരാധകരുടെ ഉറച്ച പിന്തുണ കണ്ടിട്ടാണ്. എന്നാല്‍, ഇപ്പോള്‍ അതിലും വലിയ അംഗീകാരം കിട്ടിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക്. 


അതും ഐഎസ്എല്ലിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ എഫ്‌സി പൂനെ താരം മാഴ്‌സലീഞ്ഞോയില്‍ നിന്ന്. ബ്രസീലിലെ ലോകപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തോടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ കൊച്ചി സ്‌റ്റേഡിയമെന്നാണ് ബ്രസീലിയന്‍ താരമായ മാഴ്‌സലീഞ്ഞോ പറഞ്ഞത്. കൊച്ചിയില്‍ കളി കാണാനെത്തുന്ന ആരാധകരുടെ ആവേശം തന്നെ അമ്പരപ്പിച്ചുവെന്നം മാഴ്‌സെലീഞ്ഞോ പറഞ്ഞു.

തന്നെ സംബന്ധിച്ച് ഇത്ര ഫുട്‌ബോള്‍ ആരാധകര്‍ ഇന്ത്യയിലുണ്ടെന്ന കാര്യം പുതിയ അറിവാണ്. അത് തനിക്ക് നേരില്‍ ബോധ്യപ്പെടുകയും ചെയ്തു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാഴ്‌സലീഞ്ഞോ വ്യക്തമാക്കി. 

പൂനെയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം സൂപ്പര്‍ താരം സികെ വിനീത് നേടിയ ഗോളിനാണ് കേരളം പൂനെയ്‌ക്കെതിരേ 2-1ന ജയിച്ചത്.