ഐഎസ്എല്‍ കിക്കോഫിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ സെര്‍ബിയന്‍ മധ്യനിരയിലെ കരുത്തനെ കൂടാരത്തിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. സെര്‍ബിയന്‍ മധ്യനിരതാരം നിക്കോള കര്‍മരേവിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 

കൊച്ചി: ഐഎസ്എല്‍ കിക്കോഫിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ സെര്‍ബിയന്‍ മധ്യനിരയിലെ കരുത്തനെ കൂടാരത്തിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. സെര്‍ബിയന്‍ മധ്യനിരതാരം നിക്കോള കര്‍മരേവിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ സെര്‍ബിയന്‍ താരവും ഏഴാമത്തെ വിദേശതാരവുമാണ് നിക്കോള കര്‍മരേവിച്ച്. പരമാവധി ഏഴ് വിദേശ താരങ്ങളെ മാത്രമെ ടീമുകള്‍ക്ക് സ്വന്തമാക്കാനാവു.

ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക് പേജിലൂടെയാണ് നിക്കോള കര്‍മരേവിച്ചിനെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് അധികൃതര്‍ പുറത്തുവിട്ടത്. ഫറവോ ദ്വീപിലെ ക്ലബായ വെസ്റ്ററില്‍ നിന്നാണ് കര്‍മരേവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തുക. ഇരുപത്തിയാറുകരാനായ കര്‍മരേവിച്ച് നേരത്തെ സെര്‍ബിയയിലേയും ഗ്രീസിലേയും സ്വീഡനിലേയും ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. സെര്‍ബിയയുടെ അണ്ടര്‍ 19-അണ്ടര്‍ 21 ടീമുകളിലും കര്‍മരേവിച്ച് കളിച്ചിട്ടുണ്ട്.

സെര്‍ബിയന്‍ താരങ്ങളായ സ്ലവിസ സ്റ്റൊജനോവിച്ച്, നെമാന്‍ജ പെസിച്ച്, സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിക്ക്, ഫ്രഞ്ച് താരം സിറില്‍ കാലി, ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ, ഘാന താരം കറേജ് പേക്കുസന്‍ എന്നിവരാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിലുള്ള വിദേശ താരങ്ങള്‍.