ഐഎസ്എല്‍ നാലാം സീസണിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്. കൊച്ചിയിലെ മത്സര ദിവസങ്ങളില്‍ പൊതു ഗതാഗതം ഉപയോഗിക്കണമെന്നാണ് മഞ്ഞപ്പടയുടെ ആരാധകരോടുള്ള മാനേജുമെന്‍റിന്‍റെ അഭ്യര്‍ത്ഥന. കളി കാണാന്‍ സ്‌റ്റേഡിയത്തിലെത്താന്‍ ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം. ബുധനാഴ്ച ട്വിറ്ററിലൂടെയായിരുന്നു ആരാധകരോടുളള മാനേജ്‌മെന്‍റിന്‍റെ അഭ്യര്‍ത്ഥന

Scroll to load tweet…

കഴിഞ്ഞ സീസണില്‍ ശരാശരി,50,000-ലേറെ കാണികളാണ് ദിവസവും കൊച്ചിയിലെ ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തിലെത്തിയത്. ആരാധകര്‍ സ്വകാര്യവാഹനങ്ങളില്‍ എത്തുമ്പോഴുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ടിയാണ് മാനേജ്‌മെന്‍റിന്‍റെ അഭ്യര്‍ത്ഥന. ഐഎസ്എല്‍ ഉദ്ഘാടന ദിനമായ വെള്ളിയാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യമത്സരം. റണ്ണേഴ്സ്അപ്പായ മഞ്ഞപ്പട നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് മത്സരിക്കുന്നത്. മത്സരത്തിനുളള ഒരുക്കങ്ങള്‍ കൊച്ചിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം നടത്തുന്നത്. 

ഈ സീസണില്‍ കപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മലയാളി താരം സി കെ വിനീക് പറഞ്ഞു. കോച്ചായിരുന്ന റെനി മ്യൂലന്‍സ്റ്റിന്‍റെ കീഴില്‍ മികച്ച പരിശീലനമാണ് ടീമിന് ലഭിച്ചതെന്നും പാസുകള്‍ കുറച്ച് കളിയുടെ വേഗത കൂട്ടാനാണ് ശ്രമമെന്നും സി കെ വിനീത് വ്യക്തമാക്കി.