ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍ പരിശീലനം ആരംഭിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയര്‍ ടീമുമായി ചേര്‍ന്നാണ് പരിശീലനം. മുതിര്‍ന്ന താരങ്ങള്‍ ആദ്യദിനം പരിശീലനത്തിനിറങ്ങിയില്ല.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ആരവമുയരുകയാണ്. അപ്രതീക്ഷിതമായി ഐഎസ്എല്‍ ഉദ്ഘാടനം കൊച്ചിയില്‍ എത്തിയതോടെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം വാനോളമാണ്. ഈ മാസം 17ന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. ഇതില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ ബെര്‍ബറ്റോവ് എന്നിവര്‍ ആദ്യദിനം പരിശീലനത്തിനിറങ്ങിയില്ല. ഗോള്‍ കീപ്പര്‍മാരായ പോള്‍ റാചുബ്ക്ക, സന്ദീപ് നന്ദി എന്നിവര്‍ പ്രത്യേക പരിശീലനം നടത്തി. അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി കൊച്ചിയില്‍ സ്റ്റേഡിയങ്ങള്‍ നവീകരിച്ചതിനാല്‍ രാജ്യാന്തര നിലവാരമുള്ള പരിശീലന സൗകര്യങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ലഭിക്കുന്നത്. ഹൈദരാബാദിലെയും സ്‌പെയിനിലെയും പരിശീലനം കഴിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. മത്സരത്തിന് ഒരാഴ്ചയില്‍ അധികം ബാക്കിയുള്ളതിനാല്‍ സി കെ വിനീത്, വെസ് ബ്രൗണ്‍ തുടങ്ങിയ താരങ്ങള്‍ കൊച്ചിയില്‍ എത്തിയിട്ടില്ല. അടുത്ത ദിവസം കോച്ച് മ്യൂലന്‍സ്റ്റീന്‍ കൊച്ചിയില്‍ എത്തുന്നതോടെ ടീം സജീവ പരിശീലനം ആരംഭിക്കും.