കൊച്ചി: ഫുട്ബോളില്‍ മഞ്ഞപ്പടയെന്നാല്‍ കാല്‍പന്തുകളിയുടെ രാജാക്കന്‍മാരായ ബ്രസീലാണ്. എന്നാല്‍ ഐഎസ്എല്ലിന്‍റെ വരവോടെ കേരള ബ്ലാസ്റ്റേഴ്സും മഞ്ഞക്കുപ്പായത്തില്‍ മൈതാനം ഇളക്കിമറിക്കുകയാണ്. ഇപ്പോള്‍ കാല്‍പന്തുകളിയുടെ മക്കയായ ബ്രസീലില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത ആരാധകന്‍ രംഗത്തെത്തിയിരിക്കുന്നു. 

മഞ്ഞപ്പടയുടെ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകനെന്ന് വെളിപ്പെടുത്തി സാവോപോളോ സ്വദേശിയായ ചാള്‍സ് സില്‍വ പ്രത്യക്ഷപ്പെട്ടത്. ആരാധന മൂത്ത് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജഴ്സി അയച്ചുതരാന്‍ സില്‍വ മഞ്ഞപ്പടയോട് ആവശ്യപ്പെട്ടു. ജഴ്സി അയച്ചുതരാമെന്ന് ആരാധകര്‍ ഉറപ്പുനല്‍കിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായം ബ്രസീലില്‍ എത്തുമെന്നുറപ്പായി. 

എന്നാല്‍ അര്‍ബുധ ബാധിതനായ ചാള്‍സ് സില്‍വയിപ്പോള്‍ മൂന്നാംഘട്ട കീമോയിലൂടെ കടന്നുപോവുകയാണ്. സില്‍വയ്ക്ക് വേഗം സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കാനും, ആശ്വസിപ്പിക്കാനും മഞ്ഞപ്പട ആരാധകര്‍ മറന്നില്ല.