ഓസ്ട്രേലിയന്‍ ടീമിനെ അമ്പരിപ്പിച്ച് മഞ്ഞപ്പടയുടെ ആരാധകക്കൂട്ടം
കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഒരിക്കല്‍ കൂടി മഞ്ഞയില്‍ കുളിച്ചു. ഇന്നലെ പ്രീ സീസണ്‍ ടൂര്‍ണമെന്‍റായ ലാ ലിഗ വേള്‍ഡില്‍ കേരള ബ്ലാസ്റ്റേഴ്സ് ഓസ്‍ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റിയോട് ഏറ്റുമുട്ടിയപ്പോള്‍ താരങ്ങളായത് മഞ്ഞയണിഞ്ഞ ആരാധസംഘങ്ങള്‍. കേരളത്തിന്‍റെ സ്വന്തം ടീമിനെ കളി പഠിപ്പിച്ച മെല്‍ബണ്‍ എതിരില്ലാത്ത ആറു ഗോളിന്‍റെ വിജയമാണ് സ്വന്തമാക്കിയത്.
പക്ഷേ, വിദേശ ടീമിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഗാലറിയിലെ മഞ്ഞപ്പടയുടെ ആരാധകക്കൂട്ടത്തിന്‍റെ ഹര്‍ഷാരവങ്ങള്‍. ഇരുപത്തയ്യായിരത്തോളം വരുന്ന കാണികളുടെ ശബ്ദം കളിയുടെ ആവേശക്കാറ്റുമുയര്‍ത്തി. തങ്ങളുടെ ടീം തോല്‍വിയിലേക്ക് പോയപ്പോള്‍ നിശബ്ദമായ ആരാധകര്‍ പക്ഷേ, മെല്‍ബണ്‍ സിറ്റിയുടെ മികച്ച മുന്നേറ്റങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയിലെ ഒരു ക്ലബ് രാജ്യാന്തര നിലവാരമുള്ള ഒരു ടീമുമായി പ്രീ സീസണ്‍ കളിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. അതിന്‍റെ എല്ലാ ന്യൂനതകളും സന്ദേശ് ജിങ്കന്‍റെയും സംഘത്തിന്‍റെയും കളിയിലുണ്ടായിരുന്നു. പ്രീ സീസണ്‍ മത്സരങ്ങള്‍ മുതലാക്കി ഐഎസ്എലില്‍ വന്‍ കുതിപ്പ് നടത്താനാകുമെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ.
വീഡിയോ കാണാം...
