കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് നിരാശരാക്കിയില്ല. ദിമിതര്‍ ബെര്‍ബറ്റോവും സി.കെ വിനീതും ഉണര്‍ന്ന് കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തി. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിനെ പുറത്തിരുത്തിയ റെനിച്ചായന്‍റെ തന്ത്രം ഫലിച്ചു.ഹ്യൂമേട്ടന് പകരമെത്തിയ മാര്‍ക് സിഫ്‌നോസ് വന്നത് സീസണിലെ മഞ്ഞപ്പടയുടെ ആദ്യ ഗോളുമായി.

കളിയുടെ പതിനാറാം മിനിറ്റില്‍ 26 -ാം നമ്പര്‍ താരം മാര്‍ക് സിഫ്‌നോസ് ഗോള്‍ നേടിയതോടെ മൈതാനംശബ്ധക്കടലായി. മലയാളിതാരം റിനോ ആന്‍റോയുടെ സുന്ദരമായ പാസില്‍ നിന്നായിരുന്നു സിഫ്നോസിന്‍റെ മനോഹര ഗോള്‍. വിങ്ങില്‍ മലയാളി താരം സികെ വിനീതിന്‍റെ നീക്കങ്ങള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. 28-ാം മിനുറ്റില്‍ സികെ വിനീതിന്‍റെ തകര്‍പ്പനടി ഗോളി തടുത്തത് രണ്ടാം ഗോളവസരം ഇല്ലാതാക്കി.

പിന്നാലെ 29-ാം മിനുറ്റില്‍ കറേജ് പെക്കൂസന്‍റെ ഗോള്‍ ശ്രമം പുറത്തേക്ക് പോയി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഗോള്‍വലയെ ചുംമ്പിക്കാതെ കടന്നുപോയി. 42 ബെര്‍ബറ്റോവിന്‍റെ തകര്‍പ്പന്‍ പാസ് ജാക്കിചന്ദ് സിംഗ് പാഴാക്കിയെങ്കിലും സ്റ്റേഡിയം ആര്‍ത്തിരമ്പി. അധികസമയത്ത് ബെര്‍ബറ്റോവിന്‍റെ ലോകോത്തര ഹെഡറര്‍ ഗോളി കൈക്കലാക്കിതോടെ ആദ്യ പകുതിക്ക് വിസില്‍.