മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി. മുംബൈ എഫ് സിയോട് അവരുടെ തട്ടകത്തില്‍വെച്ച് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഉറുഗ്വേ താരം ഡീഗോ ഫോര്‍ലാന്റെ ഹാട്രിക്കാണ് മുംബൈ എഫ് സിക്ക് വന്‍ ജയം ഒരുക്കിയത്. 5, 14, 63 മിനിട്ടുകളിലാണ് ഫോര്‍ലാന്‍ ഗോളുകള്‍ നേടിയത്. അല്‍വേസ്(69), ഗോയെന്‍(73) എന്നിവരാണ് മുംബൈ എഫ് സിയുടെ ശേഷിച്ച ഗോളുകള്‍ നേടിയത്. ഇടവേളയ്‌ക്ക് മുംബൈ എഫ് സി രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അമ്പേ തകര്‍ത്തുകൊണ്ടായിരുന്നു ഫോര്‍ലാനും കൂട്ടരും ഗോളുകള്‍ അടിച്ചുകൂട്ടിയത്. പ്രതിരോധത്തിനൊപ്പം ആക്രമണത്തിന്റെയും മുനയൊടിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഈ ജയത്തോടെ മുംബൈ എഫ് സി ലീഗില്‍ ഒന്നാമതെത്തി. 12 കളികളില്‍ 19 പോയിന്റാണ് മുംബൈയ്‌ക്ക് ഇപ്പോഴുള്ളത്. 11 കളികളില്‍ 17 പോയിന്റുള്ള ഡല്‍ഹി ഡൈനാമോസിനെ മറികടന്നാണ് മുംബൈ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. 11 കളികളില്‍ 15 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.