മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടം മഞ്ഞപ്പടയെ തേടി മറ്റൊരു അംഗീകാരം. ഇന്ത്യയിലെ മികച്ച ആരാധക കൂട്ടത്തിനുള്ള പുരസ്കാരം മഞ്ഞപ്പട സ്വന്തമാക്കി. ബെഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലോക്കിനെ പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ നേട്ടം. ഫേസ്ബുക്ക് വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. വിരാട് കോലിയും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും പങ്കാളികളായ ഇന്ത്യന്‍ സ്പോര്‍ട്സ് ഹോണേഴ്സാണ് അവാര്‍ഡ് നല്‍കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ബോളിവുഡ് താരം സൊഹൈല്‍ ഖാന്‍, എന്‍ബിഎ താരം സത്നാം സിംഗ് എന്നിവര്‍ ചേര്‍ന്ന് മഞ്ഞപ്പടയ്ക്ക് പുരസ്കാരം സമ്മാനിച്ചു. സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, മഹേഷ് ഭൂപതി, പുല്ലേല ഗോപിചന്ദ്, ആര്‍ അശ്വിന്‍, എച്ച് എസ് പ്രണോയ്, സുനില്‍ ഛേത്രി, സാനിയ മിര്‍സ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേ‌ഴ്‌സ് നന്ദിയറിയിച്ചു.