കൊച്ചി: ഐഎസ്എല്ലില്‍ മുഖം മിനുക്കിയെത്തുന്ന കേരള ബ്ലാസ്‌റ്റേ‌ഴ്‌സ് ഇക്കുറി കളിക്കുക പുത്തന്‍ ജഴ്‌സിയണിഞ്ഞ്. മഞ്ഞപ്പടയുടെ പുതിയ ജഴ്‌സി കൊച്ചിയിലും കോഴിക്കോടും നടന്ന ചടങ്ങുകളില്‍ പുറത്തിറക്കി. മാഞ്ചസ്റ്റര്‍ ആസ്ഥാനമായ അഡ്മിറല്‍ സ്‌പോര്‍‌ട്‌സ് കമ്പനിയാണ് ബ്ലാസ്‌റ്റേ‌ഴ്‌സിന്‍റെ പുത്തന്‍ ജഴ്സി നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ഞ നിറത്തില്‍ കഴുത്തിലും കൈകളിലും നീല വരകളോട് കൂടിയതാണ് പുതിയ കുപ്പായം. 

ലുലു മാളില്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം, മലയാളി താരങ്ങളായ അജിത് ശിവന്‍. റിനോ ആന്‍റോ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ സി.കെ വിനീതാണ് ജഴ്‌സി പുറത്തിറക്കിയത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ഞപ്പടയില്‍ തിരിച്ചെത്തിയ ഇയാന്‍ ഹ്യൂം ആരാധകരോട് ഔദ്യോഗിക ജഴ്‌സി തന്നെ വാങ്ങണമെന്ന് ആവശ്യപ്പെട്ടു. പുതിയ ജഴ്‌സിയുടെ വില 499 രൂപയാണ്.