കൊച്ചി: ഐഎസ്എൽ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ കേരളത്തിന് ഇത്തവണ പ്ലേ ഓഫിലെത്താനാവുമോ. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ക്കാണ്. പുനെയ്ക്കെതിരെ അവസാന നിമിഷം നേടിയ അവിശ്വസനീയ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ വീണ്ടും തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാലും ഇപ്പോഴും ഒന്നും തീര്‍ത്ത് പറയാനാവില്ല.
നിലവിലെ പോയിന്റ് നില പ്രകാരം ടീമുകളുടെ സാധ്യത ഇങ്ങനെയാണ്. 27 പോയന്റുള്ള ബംഗലൂരുവും 23 പോയന്റുള്ള ചെന്നൈയിനും പ്ലേ ഓഫ് കളിക്കുമെന്ന് ഏതാണ്ട് ഉറപ്പിക്കാം.
ഒഴിവുള്ള രണ്ട് സ്ഥാനങ്ങള്‍ക്കായി പൂനെയും ജംഷഡ്പൂരും ഗോവയും ബ്ലാസ്റ്റേഴ്സും തമ്മില്‍ കട്ടയ്ക്ക് ഇടിയാണ്.
ഇതില്‍ 13 കളികളില്‍ 22 പോയന്റുള്ള പൂനെയ്ക്കും 12 കളികളില്‍ 20 പോയന്റുള്ള ഗോവയ്ക്കും 14 മത്സരം വീതം കളിച്ച ബ്ലാസ്റ്റേഴ്സിനെയും ജംഷഡ്പൂരിനെയും അപേക്ഷിച്ച് കുറച്ച് മത്സരങ്ങളെ കളിച്ചിട്ടുള്ളു എന്ന അധിക ആനുകൂല്യമുണ്ട്. 13 കളികളില്‍ നിന്ന് 17 പോയന്റുള്ള മുംബൈക്കും ആഞ്ഞു പിടിച്ചാല്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 12 പോയന്റുള്ള കൊല്‍ക്കത്തയുടെയും 11 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റിന്റെയും ഏഴ് പോയന്റുള്ള ഡല്‍ഹിയുടെയും സാധ്യതകള്‍ സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും സാധ്യത വിദൂരമാണ്.
ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ
ഒരു ഹോം മൽസരവും മൂന്ന് എവേ മൽസരങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത്. 08ന് കൊൽക്കത്തയ്ക്കെതിരെയും 17ന് നോർത്ത് ഈസ്റ്റിനെതിരെയും 23ന് ചെന്നൈയിനെതിരെയും
മാർച്ച് ഒന്നിന് ബെംഗളുരുവിനെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍. ഇതില്‍ കൊൽക്കത്തയും നോർത്ത് ഈസ്റ്റുമായുള്ള രണ്ടു മൽസരങ്ങളാകും അതീവ നിർണായകം. രണ്ടു ടീമും ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി ഉയർത്തുന്ന ടീമുകളാണ്.
ബ്ലാസ്റ്റേഴ്സിനു മുന്നിലുമുള്ള ടീമുകളായ ജംഷഡ്പുരിനും ഗോവക്കും ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ഗോൾ ശരാശരിയുണ്ട്. ഈ രണ്ടു ടീമുകളുമായും നേരിട്ടു കളിയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്സിന് അവർ തോൽക്കാൻകൂടി വേണ്ടി പ്രാർഥിക്കണമെന്ന് ചുരുക്കും.
