ഇംഗ്ലണ്ട്: കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ പുതിയ പരിശീലകൻ എത്തിയേക്കും. മുൻ ഇംഗ്ലീഷ് താരം സ്റ്റുവർട്ട് പിയേഴ്സ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഇതോടെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സ്റ്റീവ് കൊപ്പൽ ഇക്കുറി ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. പുതിയ പരിശീലകനെ തീരുമാനിക്കാനുളള കാലാവധി ഈ മാസം 15ന് അവസാനിക്കുകയാണ്. കൊപ്പലിനെ നിലനിർത്തുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് സ്ഥിരീകരണം വരുത്തിയിട്ടുമില്ല.
ഇംഗ്ലണ്ടിന്റെ പ്രതിരോധ താരമായിരുന്ന സ്റ്റുവർട്ട് പിയേഴ്സ് 1987-99 കാലഘട്ടത്തിൽ 78 തവണ ദേശീയ ടീമിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. വൈൽഡ് സ്റ്റോണ്‍ മുതൽ മാഞ്ചസ്റ്റർ സിറ്റി വരെയുളള ഇംഗ്ലീഷ് ക്ലബുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം.
