കൊല്‍ക്കത്ത: സെമി ഫൈനൽ ഉറപ്പാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ അവസാന എവേ മത്സരത്തിനിറങ്ങുന്നു. ശക്തരായ അത്‍ലറ്റിക്കോ ഡി കൊൽക്കത്തയാണ് എതിരാളികൾ. കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് നാളെ രണ്ടാണ് ലക്ഷ്യം. ഹോം ഗ്രൗണ്ടിലെ തോൽവിക്ക് മറുപടി. ഒപ്പം സെമിഫൈനൽ ബർത്തും.

പൂനെയ്ക്കെതിരെ നേടിയ ആവേശ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. ജീവൻമരണ പോരിൽ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്. ഒക്ടോബർ അഞ്ചിന് കൊച്ചിയിൽ നടന്ന കളിയിൽ ഒറ്റഗോളിനായിരുന്നു കൊൽക്കത്തയുടെ ജയം. 12 കളികളിൽ നിന്ന് 18 പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും. ഗോൾശരാശരിയിൽ കൊൽക്കത്ത ഒരുപടി മുന്നിൽ. കൊൽക്കത്ത 15 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 13 എണ്ണം.

ബ്ലാസ്റ്റേഴ്സാവട്ടെ 14 ഗോൾ വഴങ്ങി. എതിരാളുടെ വലയിൽ പന്തെത്തിച്ചത് 11 തവണയും. മുംബൈയ്ക്കെതിരായ വമ്പൻ തോൽവിയാണ് കണക്കിലെ കളിയിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കൊൽക്കത്തയിൽ ജയിക്കാനായാൽ 21 പോയിന്റുമായി അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദമില്ലാതെ കളിക്കാം. നോർത്ത് ഈസ്റ്റിനെതിരായ അവസാന പോര് ഹോംഗ്രൗണ്ടിലാണെന്ന മുൻതൂക്കവും ബ്ലാസ്റ്റേഴ്സിനുണ്ട്. ഡിസംബർ നാലിനാണ് അവസാന പോരാട്ടം.