മെൽബൺ സിറ്റിയെ തുരത്തി ജിറോണ എത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത് ടീമിന്‍റെ മെച്ചപ്പെട്ട പ്രകടനം മാത്രമാണ്. നാട്ടില്‍ വലിയ വലിയ നാണക്കേടുണ്ടാക്കരുത്.
കൊച്ചി: ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോളിലെ ചാമ്പ്യൻമാരെ ഇന്നറിയാം. കൊച്ചിയിൽ നടക്കുന്ന ടൂര്‍ണമെന്‍റിലെ അവസാന മത്സരത്തിൽ സ്പാനിഷ് ലീഗ് ടീം ജിറോണ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറുപടിയില്ലാത്ത ആറു ഗോളിന് തകർത്ത മെൽബൺ സിറ്റിയെ അത്ര തന്നെ ഗോളിന് തുരത്തി ജിറോണ എത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത് ടീമിന്‍റെ മെച്ചപ്പെട്ട പ്രകടനം മാത്രമാണ്.
നാട്ടില്‍ വലിയ വലിയ നാണക്കേടുണ്ടാക്കരുത്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ രാജ്യത്തെ പ്രഥമ ലാലിഗ പ്രീസീസൺ കപ്പ് സ്പാനിഷ് ടീമിന്‍റെ അലമാരയിലിരിക്കും. ടൂര്‍ണമെന്‍റിൽ പങ്കെടുത്ത മൂന്ന് ടീമുകളിൽ മെൽബൺ സിറ്റിയും ജിറോണയും മൂന്ന് പോയിന്‍റ് നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ മെൽബണോട് തോറ്റ ബ്ലാസ്റ്റേഴ്സിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇന്നത്തെ മത്സരം കൂടി വിജയിച്ചാൽ ജിറോണ ആറ് പോയിന്‍റോടെ ചാമ്പൻമാരാകും.
കഴിഞ്ഞ സീസണിൽ മാത്രം സ്പാനിഷ് ലീഗിലെത്തിയ ജിറോണ റയൽ മാഡ്രിഡിനെ അടക്കം അട്ടിമറിച്ച് കരുത്ത് കാണിച്ചിട്ടുണ്ട്. ആ സംഘത്തിലെ ആറ് പേരടക്കമാണ് കൊച്ചിയിലെത്തിയ ടീമിനൊപ്പമുള്ളത്. പെരുമ കാക്കുന്ന പ്രകടനം ആദ്യ കളിയിൽ പുറത്തെടുത്ത് ജിറോണ കൊച്ചിയെ ത്രസിപ്പിച്ച് കഴിഞ്ഞു. മറുവശത്ത് ബ്ലാസ്റ്റേഴ്സാകട്ടെ ആകട്ടെ ലക്ഷ്യബോധമില്ലാത്ത കൂട്ടങ്ങളായി മറുന്നതാണ് ആദ്യ കളിയിൽ കണ്ടത്.
ഐഎസ്എലിന്‍റെ പുതിയ സീസണിലേക്കായി വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്ത മാത്തേജ് അടക്കം മെൽബണിനെതിരെ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയിൽ ഭാവനസമ്പത്തോടെ കളിമെനയാനുള്ള താരത്തിന്‍റെ അഭാവവും ടീമിനുണ്ട്. ഐഎസ്എലിന് തയ്യാറാടുക്കുന്ന ടീമിന്‍റെയും ആരാധകരുടെയും ആത്മവിസ്വാസം ചോർന്നു പോകാതിരിക്കാൻ ശക്തമായ പ്രകടനം തന്നെ ഇന്ന് പുറത്തെടുക്കേണ്ടി വരും.
