കൊച്ചി: ഐഎസ്എല്ലില്‍ ആദ്യ ജയത്തിനായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് നീളുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമധുരം നുണയാനാവാതിരുന്ന ബ്ലാസ്റ്റേഴ്സ് ഗ്യാലറിയിലെ മഞ്ഞക്കടലിനെ നിശബ്ദരാക്കി. ഡല്‍ഹി ഡൈനാമോസിനെതിരെ ഗോള്‍രഹിത സമനില പിടിച്ച ബ്ലാസ്റ്റേഴ്സിനും ആരാധകര്‍ക്കും തോറ്റില്ലെന്ന ആശ്വാസം മാത്രം ബാക്കി. മൂന്ന് കളികളില്‍ ഒരു പോയന്റ് മാത്രമുള്ള മഞ്ഞപ്പട പോയന്റ് പട്ടികയില്‍ ഏഴാമതാണിപ്പോള്‍.
തുടര്‍ച്ചയായ രണ്ടു പരാജയങ്ങളില്‍ നിന്ന് പാഠമൊന്നും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡല്‍ഹിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ കളിയും. ആദ്യപകുതിയില്‍ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന്റെ മൈക്കല്‍ ചോപ്ര പാഴാക്കിയില്ലായിരുന്നെങ്കില്‍ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പം പോരുമായിരുന്നു. മത്സരത്തിലെ ഏറ്റവും മികച്ച അവസരവും ഇതുതന്നെയായിരുന്നു.
ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ അധികം അവസരങ്ങളൊന്നും പിറന്നില്ല.പ്രതിരോധത്തില്‍ സന്തോഷ ജിങ്കാന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിനെ പലപ്പോഴും കാത്തത്. രണ്ടാം പകുതില്‍ മൈക്കല്‍ ചോപ്രയെ പെനല്‍റ്റി ബോക്സില്‍ വീഴ്‌ത്തിയതിന് ബ്ലാസ്റ്റേഴ്സ് പെനല്‍റ്റി പ്രതീക്ഷിച്ചെങ്കിലും റഫറി ചോപ്രയ്ക്ക് മഞ്ഞക്കാര്‍ഡ് നല്‍കുകയാണ് ചെയ്തത്.
