തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ജമ്മു കശ്‌മീരിനെതിരെ കേരളത്തിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. സഞ്ജു വി സാംസണ്‍ സെഞ്ച്വറിയുമായി തിളങ്ങിയിട്ടും കേരളം 219 റണ്‍സിന് ഓള്‍ഔട്ടായി. 112 റണ്‍സ് നേടിയ സഞ്ജുവാണ് കേരള നിരയിലെ ടോപ് സ്‌കോറര്‍. അരുണ്‍ കാര്‍ത്തിക്ക് 35 റണ്‍സും കഴിഞ്ഞ മല്‍സരങ്ങളിലെ ഹീറോ ജലജ് സക്‌സേന 22 റണ്‍സുമെടുത്തു. ഇവരെ കൂടാതെ നായകന്‍ സച്ചിന്‍ ബേബിക്ക്(19) മാത്രമാണ് രണ്ടക്കം കാണാനായത്. 187 പന്ത് നേരിട്ട സഞ്ജു 14 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 112 റണ്‍സെടുത്തത്. കശ്‌മീരിന് വേണ്ടി ഇന്ത്യന്‍ താരം പര്‍വേസ് റസൂല്‍ ആറു വിക്കറ്റെടുത്തു. കേരളത്തിന്റെ വാലറ്റത്തെയും മദ്ധ്യനിരയെയും തകര്‍ത്തത് റസൂലാണ്. ആമിര്‍ അസീസ്, മുദ്ഹസിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 12 റണ്‍സ് എന്ന നിലയിലാണ് ജമ്മു കശ്‌മീര്‍.