തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സന്ദര്‍ശകരമായ സൗരാഷ്‌ട്രയ്‌ക്ക് ലീഡ്. 225 റണ്‍സെടുത്ത കേരളത്തിനെതിരെ സൗരാഷ്‌ട്ര 232 റണ്‍സിന് പുറത്തായി. ഇതോടെ സൗരാഷ്‌ട്രയ്‌ക്ക് ഒന്നാം ഇന്നിംഗ്സില്‍ 7 റണ്‍സിന്റെ ലീഡ് ലഭിച്ചു. മറുപടി ബാറ്റിങില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 69 എന്ന നിലയിലാണ് കേരളം. 29 റണ്‍സോടെ ജലജ് സക്‌സേനയും 27 റണ്‍സോടെ രോഹന്‍ പ്രേമുമാണ് ക്രീസില്‍. മൊഹമ്മദ് അസ്‌ഹറുദ്ദീന്‍ 12 റണ്‍സെടുത്ത് പുറത്തായി.
വിക്കറ്റ് നഷ്‌ടമാകാതെ 37 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന സൗരാഷ്‌ട്രയ്‌ക്കുവേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പ 86 റണ്‍സും സ്‌നെല്‍ പട്ടേല്‍ 49 റണ്‍സുമെടുത്ത് പുറത്തായി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സ്‌നെല്‍ പട്ടേലിനെ പുറത്താക്കിയ കേരളം പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സൗരാഷ്‌ട്ര മധ്യനിരയുടെ നട്ടെല്ല് ഒടിച്ച കേരളം ഒരുഘട്ടത്തില്‍ അവരെ ഏഴിന് 178 എന്ന സ്‌കോറിലേക്ക് തള്ളിയിട്ടിരുന്നു. എന്നാല്‍ വാലറ്റത്ത് ജയ് ചൗഹാനും(30) ഉനദ്കട്ടും(26) ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് സൗരാഷ്‌ട്രയ്‌ക്ക് ഏറെ നിര്‍ണായകമായേക്കാവുന്ന ലീഡ് സമ്മാനിച്ചത്. കേരളത്തിനുവേണ്ടി സിജോമോന്‍ ജോസഫ് നാലു വിക്കറ്റും ബേസില്‍ തമ്പി മൂന്നു വിക്കറ്റുമെടുത്തു.
സീസണില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന കേരളം ഗ്രൂപ്പ് ബിയില്‍ സൗരാഷ്‌ട്ര, ഗുജറാത്ത് എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമതാണ്. ഈ മല്‍സരം ജയിക്കാനായാല്‍ മാത്രമെ അടുത്ത റൗണ്ട് പ്രതീക്ഷകള്‍ കേരളത്തിന് നിലനിര്‍ത്താനാകൂ.
