ജംഷഡ്പൂര്‍: ഛത്തീസ്ഗിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് സമനില. 328 റണ്‍സ് വിജയലക്ഷ്യവുമായി വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഛത്തീസ്ഗഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചപ്പോള്‍ ഛത്തീസ്ഗഡിന് ഒരു പോയിന്റ് ലഭിച്ചു. സ്കോര്‍ കേരളം 207, 307/2, ഛത്തീസ്ഗഡ് 187, 249/6.
നാലാം ദിനം ഓപ്പണര്‍ സാഹില്‍ ഗുപ്തയുടെ(123) അപരാജിത സെഞ്ചുറിയാണ് കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ക്കുമേല്‍ വിലങ്ങുതടിയായത്. 68/3 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഛത്തീസ്ഗഡിനെ നാലാം വിക്കറ്റില്‍ അശുതോഷ് സിംഗിനെ(45) കൂചട്ടുപിടിച്ച് ഗുപ്ത കരകയറ്റി. കേരളത്തിനായി ഇക്ബാല്‍ അബ്ദുള്ളയും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ മോനിഷ് ഒരു വിക്കറ്റെടുത്തു.
ഗ്രൂപ്പ് സിയില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളം 9 പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍. 15 പോയിന്റുള്ള ഹരിയാനയും 14 പോയിന്റുള്ള ആന്ധ്രയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
