സയ്യിദ് മുഷ്‌താഖ് അലി ടി20 ചാംപ്യൻഷിപ്പിൽ കേരളം തോൽവിയോടെ മടങ്ങി. കരുത്തരായ കര്‍ണാടകത്തിനെതിരെ 20 റണ്‍സിനാണ് കേരളം തോറ്റത്. ഇതോടെ ദക്ഷിണമേഖലാ ഗ്രൂപ്പിൽ അഞ്ചിൽ നാല് കളിയും തോറ്റാണ് കേരളം പുറത്തായത്. കര്‍ണാടകം ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത കേരളത്തിന് സഞ്ജു-വിഷ്ണുവിനോദ് സഖ്യം ഒന്നാം വിക്കറ്റിൽ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീടു വന്നവര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതോടെ കേരളം 19.2 ഓവറിൽ 161 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. സഞ്ജു വി സാംസണ്‍ 71 റണ്‍സും വിഷ്ണു വിനോദ് 46 റണ്‍സുമെടുത്തു.

41 പന്ത് നേരിട്ട സഞ്ജു എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. വെറും ഒമ്പത് ഓവറിന് മുമ്പ് തന്നെ കേരളം 100 റണ്‍സ് കടന്നതോടെ അനായാസം ജയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ സഞ്ജുവും വിഷ്‌ണുവും അടുത്തടുത്ത് പുറത്തായതോടെ കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കര്‍ണാടകത്തിനുവേണ്ടി പ്രവീണ്‍ ദുബേ മൂന്നും വിനയ് കുമാര്‍ രണ്ടും വിക്കറ്റുകളെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത കര്‍ണാടകം മായങ്ക് അഗര്‍വാളിന്റെ(58 പന്തിൽ 86) ബാറ്റിങ് മികവിൽ 20 ഓവറിൽ ആറിന് 181 റണ്‍സെടുക്കുകയായിരുന്നു. കേരളത്തിനുവേണ്ടി കെഎം ആസിഫ് രണ്ടു വിക്കറ്റെടുത്തു. ദക്ഷിണമേഖലാ ഗ്രൂപ്പിൽനിന്ന് 16 പോയിന്റ് വീതം നേടിയ കര്‍ണാടകയും തമിഴ്‌നാടും സൂപ്പര്‍ലീഗിലേക്ക് യോഗ്യത നേടി.