വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹിയോട് ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. ഡല്‍ഹി 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും കേരളം വിജയിച്ചിരുന്നു.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (37), വിനൂപ് (38) എന്നിവര്‍ മാത്രമാണ് കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വിഷ്ണു വിനോദ് (18), അരുണ്‍ കാര്‍ത്തിക് (0), രോഹിന്‍ പ്രേം (8), ഡാരില്‍ ഫെറാരിയോ (19), മുഹമ്മദ് അസറുദ്ദീന്‍ (6) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. എസ്. മിഥുന്‍ (1), ബേസില്‍ തമ്പി (8) എന്നിവര്‍ പുറത്താവാതെ നിന്നു. സച്ചിന്‍- വിനൂപ് എന്നിവര്‍ നേടിയ 70 റണ്‍സിന്റെ കൂട്ടുക്കെട്ടില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇതിലും മോശമായേനെ. 

മറുപടി ബാറ്റിങ്ങില്‍ ഉന്‍മുക്ത് ചന്ദ് (33), ഹിതന്‍ ദലാല്‍ (28) എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും മടങ്ങിയെങ്കിലും പിന്നീട് നിതീഷ് റാണ (52), ഹിമ്മത് സിങ് (19) എന്നിവര്‍ ചേര്‍ന്ന് അധികം നാശനഷ്ടങ്ങളില്ലാതെ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. ദ്രുവ് ഷോറെയാണ് പുറത്തായ മറ്റൊരു താരം. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിതീഷ് എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീഴ്ത്തി.