റോഹ്ത്തക്ക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് നേരെ ഹരിയാന താരങ്ങളുടെ ആക്രമണം. കേരള ക്യാപ്റ്റന്‍ പി.എന്‍ അജിത് ഉള്‍പ്പെടെയുള്ളവരെ കേരള ക്യാമ്പിലെത്തി ഹരിയാന താരങ്ങള്‍ മര്‍ദ്ദിച്ചു. ഹരിയാനക്കായി പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയ പ്രശാന്ത് സിംഗ് കനിയയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മൊബൈല്‍ ചാര്‍ജര്‍ ആവശ്യപ്പെട്ടാണ് സ്പോര്‍ട്സ് കോംപ്ലക്‌സിന്‍റെ താഴത്തെ നിലയില്‍ താമസിക്കുന്ന കേരള താരങ്ങളുടെ മുറിയില്‍ ഹരിയാന താരങ്ങള്‍ കടന്നുകൂടിയത്. മലയാളി താരങ്ങള്‍ക്കായി പാചകം ചെയ്ത് വെച്ചിരുന്ന ഇവര്‍ ഭക്ഷണം തട്ടിത്തെറിപ്പിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ കേരള ക്യാപ്റ്റന്‍ പി.എന്‍ അജിത് ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു.

മലയാളി താരങ്ങളെ കയ്യേറ്റം ചെയ്ത ഹരിയാന താരങ്ങള്‍ക്കെതിരെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കേരളം പരാതി നല്‍കി. താരത്തെ മീറ്റില്‍ അയോഗ്യനാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. മീറ്റില്‍ കേരളം മുന്നിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹരിയാന താരങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്.

ഇന്നലെ മുതല്‍ കേരള താരങ്ങള്‍ക്ക് നേരെ പ്രകോപനശ്രമമുണ്ടായിരുന്നു. മീറ്റില്‍ കേരളത്തിന്‍റെ തിരിച്ചുവരവില്‍ അതൃപ്തരായാണ് ഹരിയാന ആക്രമണം അഴിച്ചുവിട്ടത് എന്നാണ് പ്രഥമിക നിഗമനം. അപ്രതീക്ഷിത സംഭവത്തിന്‍റെ നടുക്കത്തിലാണ് കേരള താരങ്ങള്‍. ഹരിയാന താരങ്ങളുടെ ആക്രമണം ആസൂത്രിതമെന്ന് കേരള പരിശീലകര്‍ പറഞ്ഞു.