തിരുവനന്തപുരം: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിനുള്ള കേരള ടീം യാത്ര തിരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ നടക്കുന്ന മീറ്റിനായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന ടീമിന് ഇന്നലെ രാത്രിയും ടിക്കറ്റ് ഉറപ്പാകാത്തത് യാത്ര അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാത്രി തന്നെ റയില്‍വെ ഇടപെട്ട് ടിക്കറ്റുകള്‍ ഉറപ്പാക്കുകയായിരുന്നു.

ഈ മാസം 20 മുതല്‍ 23 വരെ ഗുജറാത്തിലെ വഡോദരയില്‍ വച്ചാണ് ദേശീയ ജൂനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റ്. മീറ്റിനായി ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടുന്ന കൊച്ചുവേളി. ഇന്‍ഡോര്‍ എക്‌സ്‌പ്രസിലാണ് ടീമിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.എന്നാല്‍ ഇന്നനെ രാത്രിയായിട്ടും ടിക്കറ്റ് ഉറപ്പായിരുന്നില്ല. വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയായിരുന്നു സ്ഥാനം. ഇത് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ സമീപിച്ചതായി ടീം മാനേജര്‍ അനീഷ് തോമസ് പറഞ്ഞു.

27 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമുള്‍പ്പടെ 53 അംഗ ടീമാണ് കേരളത്തിന്റേത്. 10 ഒഫീഷ്യലുകളും കേരള സംഘത്തിലുണ്ട്.സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നായി മുറിച്ചതിന് ശേഷം നടക്കുന്ന ആദ്യ ദേശീയ സ്കൂള്‍ മീറ്റാണിത്. സീനിയര്‍, സബ് ജൂനിയര്‍ മീറ്റുകള്‍ പൂനെയില്‍ വച്ച് നടന്നു. മീറ്റ് മൂന്നായി മുറിച്ചതിലൂടെ സ്കൂള്‍ അത്‍ലറ്റിക് മീറ്റിലെ കേരളത്തിന്റെ അപ്രമാധിത്വം തകര്‍ക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വഡോദരയിലെ കാലാവസ്ഥ പ്രതികൂലമാണെങ്കിലും കേരള ടീം മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷ ടീം മാനേജര്‍ പങ്ക് വച്ചു.