രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലിൽ കേരളവും വിദര്‍ഭയും തമ്മിലുള്ള മൽസരം വൈകുന്നു. മോശം കാലാവസ്ഥ കാരണമാണ് മൽസരം വൈകുന്നത്. പിച്ചിലെ നനവും മൽസരം തുടങ്ങുന്നതിന് തടസമാകുന്നുണ്ട്. അംപയര്‍മാര്‍ പിച്ച് പരിശോധിച്ചശേഷമാകും മൽസരം എപ്പോള്‍ തുടങ്ങുമെന്ന് പറയാനാകൂ. സഞ്ജു സാംസൺ, ഓൾറൗണ്ടർ ജലജ് സക്സേന, രോഹൻ പ്രേം, ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേസിൽ തന്പി, സിജോമോൻ ജോസഫ് തുടങ്ങിയവരുടെ ഫോമിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. അതേസമയം മറുവശത്ത് കരുത്തുറ്റ ബാറ്റിങ്-ബൗളിങ് നിരയാണ് വിദര്‍ഭയുടേത്. ഈ സീസണിൽ തകര്‍പ്പൻ പ്രകടനമാണ് അവര്‍ നടത്തിയത്. ബംഗാള്‍ ഉള്‍പ്പടെയുള്ള കരുത്തരെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ ക്വാര്‍ട്ടറിലെത്തിയത്.