റോം: ലോകത്തെവിടെപ്പോയാലും അവിടെയൊരു മലയാളിയുണ്ടാവുമെന്ന് പറയാറുണ്ട്. അത് വെറുതയല്ലതാനും. ഇപ്പോഴിതാ ഫു്ടബോളില്‍ ഇന്ത്യയുടെ യുവനിര മഹത്തായ വിജയങ്ങളൊന്ന് നേടിയപ്പോള്‍ അതില്‍ സ്വന്തം കൈയൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് മ്മടെ തൃശൂരിന്റെ സ്വന്തം ഗഡിയായ രാഹുല്‍ കനോലി പ്രവീണ്‍ എന്ന രാഹുല്‍ കെ.പി. സൗഹൃദമത്സരത്തില്‍ ഇറ്റലിക്കെതിരെ എണ്‍പതാം മിനിട്ടില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോള്‍ രാഹുലിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

നാലുവട്ടം ലോകചാമ്പ്യന്‍മാരായിട്ടുള്ളവരാണ് ഇറ്റലിയുടെ സീനിയര്‍ ടീം. അത്രയും വലിയ പാരമ്പര്യമുള്ളവരുടെ ജൂനിയര്‍ ടീം എന്തായാലും മോശക്കാരാവാന്‍ വഴിയില്ല. അവര്‍ക്കെതിരെ അവരുടെ നാട്ടില്‍ രണ്ടുഗോളടിച്ച് ജയിച്ചുവെന്നതാണ് ഇന്ത്യന്‍ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്. അതില്‍ ഒരു മലയാളിയുടെ പങ്കാളിത്തം കൂടിയായപ്പോള്‍ ഈ വിജയത്തിന് ഇരട്ടിമധുരം.

രാജ്യാന്തര ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് രാഹുലിന്റെ ഇഷ്ടതാരം. അണ്ടര്‍ 17 ടീമില്‍ രാഹുലിനെക്കൂടാതെ ഒരു മലയാളി കൂടിയുണ്ട്. രജില്‍ സജി. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുമ്പ് ടീമിന് മത്സരപരിചയം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീം വിദേശത്ത് കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്.

ഇറ്റലിക്കെതിരായ ഗോള്‍ നേട്ടത്തോടെ അണ്ടര്‍ 17 ലോകകപ്പിനുള്ള ടീമില്‍ രാഹുല്‍ സ്ഥാനമുറപ്പിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ആറു മുതല്‍ 28വരെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് ഇറ്റലി യോഗ്യത നേടിയിട്ടില്ല.