നവീൻ ഉൾ ഹഖിനെ കൂടാതെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ പ്രമുഖ താരങ്ങളും പാകിസ്ഥാന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കാബൂള്‍: കാബൂളിലെ ലഹരി വിമോചന കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം നവീൻ ഉൾ ഹഖ്. ഇസ്രായേലും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ വ്യത്യാസമൊന്നുമില്ലെന്ന് നവീൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തിങ്കളാഴ്ച രാത്രി കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തെ ഗാസയിലെ ഇസ്രായേൽ ആക്രമണത്തോടാണ് നവീൻ ഉപമിച്ചത്. ഇസ്രായേലും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കണ്ടെത്തുക പ്രയാസമാണെന്ന് നവീൻ തന്‍റെ പോസ്റ്റിൽ കുറിച്ചു.
നവീൻ ഉൾ ഹഖിനെ കൂടാതെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ പ്രമുഖ താരങ്ങളും പാകിസ്ഥാന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഫ്ഗാനില്‍ ലഹരിവിമോചന കേന്ദ്രത്തിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രോഗികളും ജീവനക്കാരും ഉൾപ്പെടെ 400 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. റമദാൻ മാസത്തിൽ സിവിലിയൻമാരെയും ആശുപത്രികളെയും ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഈ ക്രൂരതയെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്നും അഫ്ഗാന്‍ ക്യാപ്റ്റൻ റാഷിദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചികിത്സ തേടിയെത്തിയ യുവാക്കളെ പാകിസ്ഥാൻ സൈന്യം കൊന്നൊടുക്കി. മക്കൾക്കായി കാത്തിരുന്ന അമ്മമാരുടെ കണ്ണുനീർ കാണാതെ പോകരുതെന്ന് മുന്‍ നായകന്‍ മുഹമ്മദ് നബിയും പ്രതികരിച്ചിരുന്നു.കാബൂളിലെ 2,000 കിടക്കകളുള്ള 'ഒമിദ്' ലഹരിവിമോചന കേന്ദ്രത്തിന് നേരെയാണ് പാക് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ കേന്ദ്രത്തിന്‍റെ ഭൂരിഭാഗവും തകർന്നു. പാകിസ്ഥാൻ ഈ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചതിനെതിരെ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
