ഓക്‌ലന്‍ഡില്‍ ഇന്ത്യ വിജയിച്ച ടി20ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുവ പേസര്‍ ഖലീല്‍ അഹമ്മദ് ഈ ചോദ്യത്തിന് ഉത്തരം നല്‍കി.

ഓക്‌ലന്‍ഡ്‍: ഇന്ത്യ- ന്യൂസീലന്‍ഡ് ടി20 പരമ്പരയില്‍ വിരാട് കോലി കളിക്കുന്നില്ല. മത്സരങ്ങളുടെ ആധിക്യം പരിഗണിച്ച് കോലിക്ക് വിശ്രമം നല്‍കിയിരിക്കുകയാണ് ബിസിസിഐ. കോലിയില്ലാത്തത് ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചുവെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോലിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്. ഓക്‌ലന്‍ഡില്‍ ഇന്ത്യ വിജയിച്ച ടി20ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുവ പേസര്‍ ഖലീല്‍ അഹമ്മദ് ഈ ചോദ്യത്തിന് ഉത്തരം നല്‍കി. അല്‍പം സംശയത്തോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഖലീല്‍ മറുപടി പറഞ്ഞത്.

'അങ്ങനെ ചോദിക്കരുത്. അടുത്ത ചോദ്യം ചോദിക്കൂ' എന്നായിരുന്നു ഖലീലിന്‍റെ മറുപടി. പിന്നാലെ ഒരു ചിരിയും. ഈ സംഭവം വലിയ പൊട്ടിച്ചിരിയാണുണ്ടാക്കിയത്. ബാറ്റിംഗില്‍ രോഹിതും പന്തും ബൗളിംഗില്‍ ക്രുനാലും ഖലീലും തിളങ്ങിയപ്പോള്‍ ഓക്‌ലന്‍ഡില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(1). മത്സരത്തില്‍ ഖലീല്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി.