ലയണല്‍ മെസ്സിയുടെ ചിത്രം പതിച്ച പ്ലാസ്റ്റിക് സഞ്ചി ജഴ്‌സിയായി അണിഞ്ഞ് പന്ത് തട്ടിയിരുന്ന ഒരു അഫ്ഗാനി ബാലനെ ഓര്‍ക്കുന്നുണ്ടോ? യൂട്യൂബിലും മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞുനിന്ന മുര്‍താസ അഹമ്മദി. ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുടുംബത്തോടെ പലായനം ചെയ്‍തതോടെ മുര്‍താസ ഒരിക്കല്‍ കൂടി മാധ്യമങ്ങളില്‍ നിറയുകയാണ്.

മൂന്ന് മാസം മുന്‍പാണ് അഫ്ഗാനിലെ ജഗോരി സ്വദേശിയായ മുര്‍താസ പ്രശസ്‍തിയിലേക്ക് പന്ത് തട്ടിക്കയറിയത്. തന്റെ ആരാധനാ പാത്രമായ ലയണല്‍ മെസ്സിയുടെ പേരും നമ്പറും പതിച്ച പ്ലാസ്റ്റിക് സഞ്ചിയണിഞ്ഞ് പന്തു തട്ടുന്ന കുരുന്നു മുര്‍താസയുടെ ദൃശ്യങ്ങള്‍ ലോകം വാത്സ്യല്യത്തോടെ കണ്ടു. അതിശയകരമായ ആരാധനയുടെ കഥയറിഞ്ഞ മെസ്സി തന്റെ ഒപ്പു പതിപ്പിച്ച അര്‍ജന്റീനിയന്‍ ജഴ്‌സിയും പന്തും മുര്‍താസയ്‌ക്ക് അയച്ചുകൊടുത്തു. സാക്ഷാല്‍ മെസ്സിയുടെ കൈതൊട്ട ജഴ്‌സിയണിഞ്ഞ് വീണ്ടും ലോകത്തിനു മുമ്പില്‍ താരമായി മുര്‍താസ. സ്വപ്‍നം കൈയെത്തും ദൂരത്തെത്തിയപ്പോള്‍ മുര്‍താസയ്‌ക്ക് ആവേശമായിരുന്നു. പ്രിയ താരത്തെയൊന്ന് കാണണം. കഴിയുമെങ്കില്‍ ഒരുമിച്ച് പന്തു തട്ടണം. എന്നാല്‍ സന്തോഷങ്ങള്‍ക്ക് ആയുസെത്തിയില്ല. മകനെ തട്ടിക്കൊണ്ടു പോകുമെന്ന രീതിയിലുള്ള സന്ദേശങ്ങളും ഭീഷണികളും മുര്‍താസയുടെ പിതാവ് മുഹമ്മദ് ആരിക് അഹമ്മദിക്ക് വന്നുകൊണ്ടിരുന്നു. മകനെ ഫുട്ബോളല്ല മതമാണ് പഠിപ്പിയ്‌ക്കേണ്ടതെന്ന ഭീഷണി. ഭീഷണികളെ തുടര്‍ന്ന് മുര്‍താസയുള്‍പ്പെടെ അഞ്ച് മക്കളേയും ഭാര്യയേയും കൂട്ടി പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വന്നു ആരിക് അഹമ്മദിക്ക്. തുടര്‍ന്നുള്ള ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയില്ല ഇദ്ദേഹത്തിന്. പാക്കിസ്ഥാന്‍ അഭയം നല്‍കുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ജീവന്‍ ഭയന്ന് സ്വന്തം നാട് വിടേണ്ടി വന്നതോടെ മുര്‍താസിയും കുടുംബവും ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. തിരിച്ച് ജന്മനാട്ടില്‍ വരാന്‍ കഴിയുമോയെന്നറിയില്ല എങ്കിലും ഒരിക്കല്‍ തമ്മില്‍ കാണുക തന്നെ ചെയ്യുമെന്ന് വിദൂരതിയിലിരുന്ന് മെസ്സിയോട് പറയുന്നു മുര്‍താസ.