ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എതിര്‍ ടീം ബാറ്റ്സ്മാന്‍ സെഞ്ചുറി അടിക്കുന്നത് തടയാന്‍ വൃത്തികെട്ട കളി കളിച്ച് കീറോണ്‍ പൊള്ളാര്‍ഡ്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സ് താരം എല്‍വിന്‍ ലൂയിസ് സെഞ്ചുറിയിലേക്ക് മൂന്ന് റണ്‍ അകലെ നില്‍ക്കെ മന:പൂര്‍വം നോ ബോളെറിഞ്ഞാണ് പൊള്ളാര്‍ഡ് സെഞ്ചുറി നിഷേധിച്ചത്.
ആ സമയം പാട്രിയോറ്റ്സിന് ജയത്തിലേക്ക് ഒരു റണ്‍സ് മാത്രം മതിയായിരുന്നു. നോ ബോളോടെ പാട്രിയോറ്റ്സ് വിജയിച്ചതോടെ ലൂയിസിന് മൂന്ന് റണ്‍ അകലെ സെഞ്ചുറി നഷ്ടമായി. ലൂയിസ് സെഞ്ചുറി നേടിയിരുന്നെങ്കില്‍ അത് ട്വന്റി-20യിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി ആവുമായിരുന്നു. പൊള്ളാര്‍ഡിന്റെ ടീമായ ബാര്‍ബഡോസ് ട്രൈഡന്റ്സിനെതിരെ 33 പന്തിലാണ് ലൂയിസ് 97 റണ്‍സടിച്ചത്. ക്രിസ് ഗെയിലും ലൂയിസിനൊപ്പം ചേര്‍ന്നതോടെ പാട്രിയോറ്റ് വിജയലക്ഷ്യമായ 129 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നിരുന്നു.
ഒരാഴ്ച മുമ്പ് എതിര്‍ ടീം ബാറ്റ്സ്മാനെ മങ്കാദ് രീതിയിലൂടെ പുറത്താക്കാമായിരുന്നിട്ടും അതിന് തുനിയാതെ പൊള്ളാര്‍ഡ് മാന്യതയുടെ ആള്‍രൂപമായിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് പൊള്ളാര്‍ഡ് വൃത്തികെട്ട കളി പുറത്തെടുത്തത്. പൊള്ളാര്‍ഡിന്റെ കുതന്ത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
