പൂനെ: ധോണിയുടെ പൂനെയ്ക്കെതിരെ ഗംഭീറിന്റെ കൊല്‍ക്കത്തയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 7 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് വാലറ്റക്കാരായ പിയൂഷ് ചൗളയും ഉമേഷ് യാദവും. പന്തെറിയുന്നത് തിസാര പെപേര. ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ധോണിയുടെ നായകമികവില്‍ നേടിയ അത്ഭുത ജയം സ്വപ്നം കണ്ട് പൂനെ ആരാധകര്‍. ആദ്യ പന്തില്‍ പിയൂഷ് ചൗള രണ്ട് റണ്‍സ് ഓടിയെടുത്തു. പിന്നെ വേണ്ടത് അഞ്ചു പന്തില്‍ അഞ്ച് റണ്‍സ്. രണ്ടാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ചൗളയെ സ്റ്റീവന്‍ സ്മിത്ത് മനോഹരമായി പിടികൂടി.

പൂനെ അത്ഭുത ജയത്തിലേക്ക് തോന്നിച്ച നിമിഷം. ഉമേഷ് യാദവിന് കൂട്ടായി ക്രിസിലെത്തിയത് സുനില്‍ നരെയ്ന്‍. മൂന്നാം പന്ത് നേരിട്ട ഉമേഷ് യാദവ് പക്ഷെ ഒറ്റയടികൊണ്ട് ധോണിയുടെ ഹൃദയം തകര്‍ത്തു. പേരേരയുടെ സ്ലോ ബോള്‍ സ്ട്രെയിറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സര്‍. പതിവില്ലാതെ ധോണിയുടെ മുഖത്തുപോലും നിരാശ നിറഞ്ഞു. ഐപിഎല്ലില്‍ പൂനെയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണി തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോല്‍ക്കുന്നതും ഇതാദ്യം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പൂനെ ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെയും(67), സ്റ്റീവന്‍ സ്മിത്ത്(31) ധോണി(12 പന്തില്‍ 23 നോട്ടൗട്ട്) ബാറ്റിംഗ് മികവിലാണ് 160 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ പന്തില്‍ തന്നെ ഉത്തപ്പയെ(0) നഷ്ടമായി. അധികം വൈകാതെ ഫോമിലുള്ള ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍(11) കൂടി റണ്ണൗട്ടായതോടെ കൊല്‍ക്കത്തയ്ക്ക് ഇത്തവണ അടിതെറ്റുമെന്ന് കരുതി.

എന്നാല്‍ ഇന്നലെ കൊല്‍ക്കത്തയ്ക്ക് ഒരു അപ്രതീക്ഷിത ഹീറോ ഉണ്ടായിരുന്നു. മനീഷ് പാണ്ഡെയ്ക്ക് പകരമെത്തിയ സൂര്യകുമാര്‍ യാദവ്. പവര്‍പ്ലേ ഓവറുകളില്‍ ആഞ്ഞടിച്ചും മധ്യ ഓവറുകളില്‍ നങ്കൂരക്കാരനായും സൂര്യകുമാര്‍ യാദവ്(60) കളിച്ച ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. യൂസഫ് പത്താനും(36) ആന്ദ്രെ റസലും(17) വിജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയിലും ഒന്നാമത്തെതി.