അശ്വിനെ ഒഴിവാക്കിയാട്ടാണെങ്കിലും കുല്‍ദീപ് യാദവിനെ ടീമിലെടുക്കണമെന്ന ആവശ്യം ഗാംഗുലി തള്ളി

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശീഖര്‍ ധവാനെ മാറ്റി മുരളി വിജയ്‌യും കെ എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ധവാന്‍ മികച്ച ഏകദിന കളിക്കാരനാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികവ് കാട്ടുകയും ചെയ്തു. എന്നാല്‍ ടെസ്റ്റില്‍ വിദേശത്ത് ധവാന്റെ പ്രകടനം അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ വിജയ്‌യും രാഹുലും ഇന്നിംഗ്സ് തുടങ്ങുന്നതായിരിക്കും ഉചിതമെന്നും ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ധവാന്റേത് അത്ര മികച്ച പ്രകടനമല്ല. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ധവാന്റെ പ്രകടനം മെച്ചപ്പെട്ടതാണ്. ഇന്ത്യയില്‍ ധവാന്‍ സെഞ്ചുറിയും അടിക്കും. കഴിഞ്ഞ മാസം അഫ്ഗാനെതിരെ നടന്ന ഏക ടെസ്റ്റിലും ധവാന്‍ സെഞ്ചുറി അടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ ടീം മാനേജ്മെന്റ് എന്തുതീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.

അതേസമയം, അശ്വിനെ ഒഴിവാക്കിയാട്ടാണെങ്കിലും കുല്‍ദീപ് യാദവിനെ ടീമിലെടുക്കണമെന്ന ആവശ്യം ഗാംഗുലി തള്ളി. അശ്വിന്‍ യഥാര്‍ഥ പോരാളിയാണ്. തന്റെ സ്ഥാനത്തിന് കുല്‍ദീപ് ഉയര്‍ത്തുന്ന വെല്ലുവിളി അയാള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഐപിഎല്ലില്‍ അയാള്‍ ലെഗ് സ്പിന്‍ പോലും പരീക്ഷിച്ചത്. അശ്വിന്‍ അത്രവേഗമൊന്നും നിറംമങ്ങില്ല. ടെസ്റ്റില്‍ അദ്ദേഹം നേടിയ 300 വിക്കറ്റുകള്‍ വെറും തമാശയല്ലെന്നും ഗാംഗുലി പറഞ്ഞു.