ബര്‍മിങ്‍‍ഹാം ടെസ്റ്റിൽ കെ എല്‍ രാഹുല്‍ കളിക്കാനുളള സാധ്യത ശക്തമാകുന്നു. രാഹുല്‍ ടീമിൽ എത്തിയാൽ ധവാനോ  പൂജാരയോ പുറത്തുപോകും

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ ടീമിലുള്ളത് മൂന്ന് ഓപ്പണര്‍മാരാണ്. മുരളി വിജയ് , ശിഖര്‍ ധവന്‍, കെ എൽ രാഹുല്‍ തുടങ്ങിയവര്‍ തമ്മില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ആരോഗ്യകരമായ മത്സരമുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. വിജയും ധവാനും ഓപ്പണിംഗിന് ഇറങ്ങുമെന്നായിരുന്നു പരമ്പരക്ക് മുന്‍പുള്ള ധാരണ.

എന്നാല്‍ വിദേശത്ത് പരാജയപ്പെടുന്ന പതിവ് ആവര്‍ത്തിക്കുമെന്ന സൂചന ധവാന്‍ സന്നാഹ മത്സരത്തിൽ നൽകുകയും, എസക്സിനെതിരെ കെ എൽ രാഹുല്‍ തിളങ്ങുകയും ചെയ്തതോടെ ശാസ്ത്രിയും കോലിയും ആശയക്കുഴപ്പത്തിലാണ്. ആക്രമിച്ച് കളിക്കുന്ന രാഹുലിനെ ഏതു വിധേനയും ടീമിൽ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ ടീം മാനേജ്മെന്‍റിലെ പ്രബല വിഭാഗത്തിന്‍റെ വാദം.

കോലിക്ക് മുന്നിൽ 2 വഴികളുണ്ട്.ഒന്നുകിൽ രാഹുലിനെ വിജയ്ക്കൊപ്പം ഓപ്പണിംഗിന് അയക്കണം. അല്ലെങ്കിൽ ചേതേശ്വര്‍ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഇറക്കണം. പരമ്പരകളിലെ ആദ്യ മത്സരങ്ങളിൽ ധവാന് അവസരം നൽകുന്നതാണ് അടുത്തിടെയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ രീതി.

അതേസമയം അമിതപ്രതിരോധത്തിലൂന്നി ബാറ്റ് വീശുന്ന ചേതേശ്വര്‍ പൂജാര , ഇംഗ്ലീഷ് കൗണ്ടിയിലടക്കം സമീപകാലത്ത് മികച്ച ഫോമിലായിരുന്നില്ല. യോര്‍ക്ഷയറിനായി 6 മത്സരങ്ങളില്‍ 172 റൺസ് മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍ നേടിയത്. ഒരു ഇന്നിംഗ്സിലും അര്‍ധസെഞ്ച്വറി കണ്ടതുമില്ല.

അതുകൊണ്ട് തന്നെ കോലിക്കും ശാസ്ത്രിക്കും താത്പര്യമുളള ധവാന്‍റെ സ്ഥാനം സംരക്ഷിച്ച് രാഹുലിനെ വൺഡൗണിൽ ഇറക്കിയാൽ അത്ഭുതപ്പെടേണ്ടതില്ല