ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരത്തിന് കൊച്ചി വേദിയാകും മത്സരം നടത്താനുള്ള എല്ലാ സൗകര്യവും നൽകുമെന്ന് ജിസിഡിഎ ചെയർമാൻ
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നവംബർ ഒന്നിന് കൊച്ചിയിൽ തന്നെ നടക്കും. കേരള ക്രിക്കറ്റ് ആസോസിയേഷനും സ്റ്റേഡിയം ചുമതലയുള്ള ജിസിഡിഎയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. മത്സരം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് ജിസിഡിഎ ഉറപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിന് അനുവദിച്ച ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുന്നതിനായിരുന്നു ആദ്യ ആലോചനയെങ്കിലും ജിസിഡിഎയുമായി 40 വർഷത്തെ കരാർ ഉള്ളതിനാൽ മത്സരം കൊച്ചി സ്റ്റേഡിയത്തിൽ തന്നെ നടത്താൻ കെ.സിഎ തീരുമാനിക്കുകയായിരുന്നു. കാര്യ വട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറമെ കൊച്ചിയെയും ക്രിക്കറ്റ് വേദിയായി സജീവമാക്കി നിർത്തുന്നതിന് കൂടിയാണിത്.
ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾക്ക് തടസ്സമില്ലാതെ ക്രിക്കറ്റ് മാച്ച് കൊച്ചിയിൽ നടത്താനുളള ഒരുക്കം തങ്ങൾ ചെയ്യാമെന്ന് കെ.സിഎ ഭാരവാഹികളുമായുള്ള ചർച്ചയിൽ ജിസിഡിഎ ചെയർമാൻ ഉറപ്പ് നൽകി. തിരുവനന്തപുരവും- കൊച്ചിയും കേരള ക്രിക്കറ്റ് അസോസിയേഷന് ഒരുപോലെയാണെന്നും രണ്ട് വേദികൾക്കും തുല്യപരിഗണന നൽകുന്നതിനാണ് കൊച്ചിയെ പരിഗണിച്ചതെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ്ജ് പറഞ്ഞു.
ഈമാസം 21ന് ഐ.എസ്.എൽ സംഘാടകരമായി ജിസിഡിഎ ഇക്കാര്യം ചർച്ച ചെയ്യും. 2014ലേത് പോലെ ക്രിക്കറ്റ് മാച്ചിനായി ബ്ളാസ്റ്റേഴ്സിന്‍റെ മാച്ചുകളിൽ ക്രമീകരണ നടത്തണമെന്നാണ് ആവശ്യപ്പെടുക. 24ന് കേരള ക്രിക്കറ്റ് അസോസിയേഷൻ യോഗം ചേർന്ന് വേദി ഏതെന്ന് അറിയിക്കും. 2014ലാണ് അവസാനമായി കൊച്ചി ഏകദിനമത്സരത്തിന് വേദിയായത് അന്നും ഇന്ത്യ വിൻഡീസ് ടീമുകളാണ് കൊച്ചിയിൽ ഏറ്റുമുട്ടിയത്.
