ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഞ്ച് വിക്കറ്റിന്‍റെ വിജയം

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഞ്ച് വിക്കറ്റിന്‍റെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി നേടി. ആര്‍സിബിയുടെ ഓപ്പണര്‍മാരായ മൊയിന്‍ അലിയും, പാര്‍ത്ഥിപ് പട്ടേലും വലിയ റണ്‍ കണ്ടെത്താതെ പോയ തുടക്കത്തില്‍ 18-2 എന്ന നിലയില്‍ ഒന്നിച്ച ക്യാപ്റ്റന്‍ വീരാട് കോലി, എബി ഡിവില്ലേര്‍സ് കൂട്ട്കെട്ടാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്.

നാലാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യം 118 റണ്‍സിന്‍റെ കൂട്ട്കെട്ടാണ് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ കോലി 40 പന്തില്‍ 70 റണ്‍സ് നേടി. ഇതില്‍ 7 ഫോറും 3 സിക്സും ഉണ്ടായിരുന്നു. ഈ ഐപിഎല്ലിലെ തന്‍റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി കുറിച്ച ഡിവില്ലേര്‍സ് 37 പന്തിലാണ് 72 റണ്‍സ് നേടിയത്. 6 സിക്സ് നേടിയ എബിഡി, 4 ഫോറും നേടി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. സീസണിലെ വെടിക്കെട്ട് റോയല്‍ ചലഞ്ചേഴ്സിനെതിരെയും തുടര്‍ന്ന റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ്മ- വിജയ് ശങ്കര്‍ സഖ്യം ഡല്‍ഹിയെ മികച്ച സ്കോറിലെത്തിച്ചു.

സ്വന്തം മൈതാനത്ത് തകര്‍ച്ചയോടെ തുടങ്ങാനായിരുന്നു ഡല്‍ഹിയുടെ വിധി. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായെയും(2) ജെയ്സണ്‍ റോയിയെയും(12) സ്‌പിന്നര്‍ ചഹല്‍ പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ നായകന്‍ ശ്രേയാസ് അയ്യരെ കൂട്ടുപിടിച്ച് വെടിക്കെട്ട് വീരന്‍ റിഷഭ് പന്ത് അടി തുടങ്ങി. ഇതോടെ 10 ഓവറില്‍ ഡല്‍ഹി മോശമില്ലാത്ത സ്കോറായ 78ലെത്തി.

എന്നാല്‍ ഡല്‍ഹിയുടെ പ്രതീക്ഷകളെല്ലാം ബാംഗ്ലൂരിന് മുന്നില്‍ പെട്ടെന്ന് പിഴച്ചു. 34 പന്തില്‍ 61 റണ്‍സെടുത്ത പന്തിനെ മൊയിന്‍ അലിയുടെ പന്തില്‍ എബിഡി തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. 35 പന്തില്‍ 32 റണ്‍സെടുത്ത അയ്യരും സിറാജിന് വിക്കറ്റ് നല്‍കി പിന്നാലെ മടങ്ങി. ഇതോടെ 16 ഓവറില്‍ ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലായി. ഈ സമയം അഭിഷേക് ശര്‍മ്മയും വിജയ് ശങ്കറും ക്രീസില്‍

എന്നാല്‍ സൗത്തി എറിഞ്ഞ 17-ാം ഓവറില്‍ അഭിഷേക് ശര്‍മ്മ, വിജയ് ശങ്കര്‍ സഖ്യം 22 റണ്‍സടിച്ചു. സിറാജിന്‍റെ 18-ാം ഓവറില്‍ പിറന്നത് 14 റണ്‍സും. 19-ാം ഓവറില്‍ ഏഴ് റണ്‍സ് മാത്രമ വഴങ്ങി സൗത്തി ഡല്‍ഹിയുടെ വെടിക്കെട്ടിന് തടയിട്ടു. എന്നാല്‍ സിറാജിന്‍റെ അവസാന ഓവറില്‍ റണ്‍സ് നേടാനായതോടെ ഡല്‍ഹി സ്കോര്‍ 181ലെത്തി. അഭിഷേക് ശര്‍മ്മ 19 പന്തില്‍ 46 റണ്‍സുമായും വിജയ് ശങ്കര്‍ 20 പന്തില്‍ 21 റണ്‍സെടുത്തും പുറത്താകാതെ നിന്നു.