മൊഹാലി: കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ക്രിക്കറ്റ് ഇതിഹാസവുമായി ചെലവഴിച്ച നിമിഷങ്ങള്‍ മാനസിക സമ്മര്‍ദം അതീജീവിക്കാന്‍ ഏറെ പ്രയോജയനപ്പെട്ടെന്നും കൊഹ്‌ലി പറഞ്ഞു. ഡെയ്‌ലി ടെലഗ്രാഫ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറിലെ പ്രതിസന്ധികളെക്കുറിച്ചും അത് മറികടക്കാന്‍ ക്രിക്കറ്റ് ഇതിഹാസം നല്‍കിയ സഹായത്തെക്കുറിച്ചും വിരാട് കൊഹ്‌ലി മനസ് തുറന്നത്.

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനാണ് കൊ‌ഹ്‌ലിയെ മാനസികമായി തളര്‍ത്തിയത്. അന്ന് അ‌ഞ്ച് ടെസ്റ്റ് കളിച്ചിട്ടും ഒരു ഇന്നിംഗ്സില്‍ പോലും തിളങ്ങാനായില്ല. 13 റണ്‍സ് മാത്രമായിരുന്നു ശരാശരി. ഓസ്ട്രേലിയിലും ന്യുസീലന്‍ഡിലുമൊക്കെ ഭേദപ്പെട്ട പ്രകടനം നടത്തിയ ശേഷമായിരുന്നു ഇംഗ്ലണ്ടിലെ ഈ നിരാശ. തകര്‍ന്ന മനസുമായാണ് പരമ്പരക്ക് ശേഷം കൊഹ്‌ലി നാട്ടിലെത്തിയത്. തിരികെ മുംബൈയിലെത്തിയ ശേഷം സച്ചിനുമായി നടത്തിയ കൂടിക്കാഴ്ചയാണ് ആത്മവിശ്വാസം വീണ്ടെടുക്കാന‍് സഹായിച്ചതെന്ന് കൊ‌ഹ്‌ലി പറയുന്നു.

10 ദിവസത്തോളം കൊഹ്‌ലി മുംബൈയിലുണ്ടായിരുന്നു. ഫുട്‌വര്‍ക്കിലും മറ്റും ഏതാനും  മാറ്റങ്ങള്‍ സച്ചിന്‍ നിര്‍ദേശിച്ചു. മത്സരത്തലേന്ന് നെറ്റ്സില്‍ ഏറെ നേരം ബാറ്റ് ചെയ്യുന്നതുകൊണ്ടു മാത്രം വലിയ സ്കോര്‍ നേടാന്‍ കഴിയണമെന്നില്ല. മാനസികമായി തയ്യാറാണെങ്കില്‍ ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനാകുമെന്നും കൊഹ്‌ലി പറഞ്ഞു. സച്ചിനൊപ്പമുള്ള ദിവസങ്ങള്‍ ഏറെ ഗുണം ചെയ്തെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.