സ്ലെഡ്ജിങ്ങിന് പേര് കേട്ടവരാണ് ഓസ്‌ട്രേലിയക്കാര്‍. മത്സരം ഇന്ത്യയോടാവുമ്പോൾ അതിത്തിരി കടുത്ത് പോവാറുണ്ട്. ഈ പരമ്പരയിലും മാറ്റമൊന്നുമുണ്ടായില്ല. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഋഷഭ് പന്ത് ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിനെ പ്രകോപിപ്പിച്ചിരുന്നു.
പെര്‍ത്ത്: സ്ലെഡ്ജിങ്ങിന് പേര് കേട്ടവരാണ് ഓസ്‌ട്രേലിയക്കാര്‍. മത്സരം ഇന്ത്യയോടാവുമ്പോൾ അതിത്തിരി കടുത്ത് പോവാറുണ്ട്. ഈ പരമ്പരയിലും മാറ്റമൊന്നുമുണ്ടായില്ല. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഋഷഭ് പന്ത് ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിനെ പ്രകോപിപ്പിച്ചിരുന്നു. അത് പിന്നീട് വിവാദമാവുകയും ചെയ്തു. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ പന്തിനെ കുറ്റപ്പെടുത്തി. എന്നാലിപ്പോള്‍ രണ്ട് ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്.
നാലാം ദിനമാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ക്യാപ്റ്റന്‍മാര്‍ അതിരുവിട്ടതോടെ ഇരുവരെയും അംപയര്‍ ക്രിസ് ഗഫാനി ശാസിക്കുകയായിരുന്നു. മത്സരത്തില്‍ അഞ്ചാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ഓസീസ് നായകന്‍ ടിം പെയ്ന്‍, റണ്‍ പൂര്‍ത്തിയാക്കാന്‍ ഓടുന്നതിനിടെയാണ് കോലി പ്രകോപനവുമായെത്തിയത്. ഏറ്റുമുട്ടിയത് മതി പോയി കളിക്കാന്‍ നോക്കൂ എന്ന് പറഞ്ഞാണ് അംപയര്‍ ഇരുവരേയും പറഞ്ഞയച്ചത്. ഇതോടെ പെയ്ന്‍ തന്നെത്തന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും 'നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ് ടിം' എന്ന് അംപയര്‍ ജെഫാനി ഓര്‍മിപ്പിച്ചു.
ഇതിനു പിന്നാലെ 'ശാന്തനാകൂ, വിരാട്' എന്ന് പെയ്ന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സ്‌ക്വയര്‍ ലെഗ് അംപയറായ കുമാര്‍ ധര്‍മസേനയോട് കോഹ്ലി പരാതി പറയുന്നതും കാണാമായിരുന്നു. മല്‍സരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ കോര്‍ത്തിരുന്നു. അവസാന ഓവറില്‍ പെയ്നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഇത്.
