റബാഡയ്ക്കും പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്ക്കും എതിരെ ഐസിസിക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഹാരിസ് ട്വിറ്ററില്‍ കുറിച്ചു

ജൊഹ്നാസ്ബര്‍ഗ്: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്കിടെ കളിക്കാര്‍ തമ്മിലുണ്ടായ വാക് തര്‍ക്കവും കൈയാങ്കളിയും പിഴയിലും വിലക്കിലുമെല്ലാം എത്തി നില്‍ക്കെ ഓസ്ട്രേലിയക്കു മുമ്പ് ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ നായകനെതിരെ ആരോപണവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഹാരിസ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കോലിയുടെ പെരുമാറ്റം കോമാളിയെപ്പോലെ ആയിരുന്നുവെന്നും എന്നിട്ടും ഐസിസി യാതൊരു അച്ചടക്ക നടപടിയും എടുത്തില്ലെന്നും ഹാരിസ് ആരോപിച്ചു.

റബാഡയ്ക്കും പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്ക്കും എതിരെ ഐസിസിക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ചുമലില്‍ ഇടിച്ചതിന്റെ പേരില്‍ റബാഡയെ ഐസിസി അച്ചടക്കസമിതി രണ്ട് മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോലിയെക്കൂടി വിഷയത്തിലേക്ക് വലിച്ചിട്ടുകൊണ്ട് ഹാരിസിന്റെ ട്വീറ്റ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മോശം പന്തിനെതിരെ അമ്പയര്‍മാരോട് തുടര്‍ച്ചയായി കോലി പരാതിപ്പെട്ടിരുന്നു. അമ്പയര്‍മാര്‍ പരാതി തള്ളിയപ്പോള്‍ കോലി ദേഷ്യത്തോടെ പന്ത് ഗ്രൗണ്ടിലേക്ക് വലിച്ചറിഞ്ഞു. മോശം പെരുമാറ്റത്തിന് കോലിക്ക് ഐസിസി അച്ചടക്ക സമിതി മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു.