ബെംഗളൂരു:കഴിഞ്ഞ മത്സരത്തിലെ വിജയത്തിലൂടെ തുടര്‍ച്ചയായ ഒമ്പത് ജയങ്ങളെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പം എത്തിയ വിരാട് കോലിക്ക് പക്ഷെ പത്താം ജയം നേടി ധോണിയെ മറികടക്കാനായില്ല. പത്തിന്റെ പടിവാതിലില്‍ ഇന്ത്യ വീണപ്പോള്‍ റെക്കോര്‍ഡ് നേട്ടം കോലിക്ക് കൈയകലത്തില്‍ നഷ്ടമായി. 2008 ഫെബ്രുവരി മുതല്‍ 2009 ജനുവരി വരെയുള്ള കാലത്താണ് ധോണിയുടെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി ഒന്‍പത് ഏകദിനങ്ങള്‍ ജയിച്ചത്.

തുടര്‍ച്ചയായ പത്തു വിജയങ്ങള്‍ നേടിയവരുടെ എലീറ്റ് ക്ലബ്ബിലെത്താനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ ബംഗലൂരുവില്‍ തുലച്ചത്. ഓസ്‍ട്രേലിയ ആറു തവണയും ദക്ഷിണാഫ്രിക്ക അഞ്ചു തവണയും വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും രണ്ടു തവണ വീതവും ന്യൂസീലന്‍ഡും ഇംഗ്ലണ്ടും പാക്കിസ്ഥാനും ഓരോ തവണയും തുടര്‍ച്ചയായി പത്തു ജയങ്ങള്‍ നേടിയവരുടെ ക്ലബ്ബിലുണ്ട്. ബംഗ്ലദേശും സിംബാബ്‌വെയും ഇന്ത്യക്കും മാത്രമാണ് ഒരിക്കല്‍പോലും ആ സ്വന്തമാക്കാനാവാതെ പോയത്.

അഞ്ചു മല്‍സരങ്ങളില്‍ ആദ്യ മൂന്നും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞിരുന്നുവെങ്കിലും കേവലമൊരു ജയത്തിനുമപ്പുറം ഈയൊരു ചരിത്രംകൂടി കോലിയുടെയും ഇന്ത്യന്‍ ആരാധകരുടെയും മനസിലുണ്ടായിരുന്നു. അതാണ് ബംഗലൂരുവില്‍ ഇന്ത്യക്ക് നഷ്ടമായത്.