റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നിരാശ. ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയ കോലിക്ക് മൂന്നാം ടെസ്റ്റില്‍ ആറ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ലഞ്ചിന് തൊട്ടു മുമ്പ് മുരളി വിജയ്‌യുടെ വിക്കറ്റ് നഷ്ടമായശേഷം ക്രീസിലിറങ്ങിയ കോലിയെ തോളിനേറ്റ പരിക്ക് അലട്ടുന്നുണ്ടെന്ന് വ്യക്തമായിരുന്നു. എങ്കിലും 23 പന്തുകള്‍ നേരിട്ട കോലി ഒടുവില്‍ കമിന്‍സിന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച് സ്ലിപ്പില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് പിടികൊടുത്ത് മടങ്ങി.

എണ്‍പതാം ഓവറിന് ശേഷം ന്യൂ ബോള്‍ എടുത്ത സ്റ്റീവ് സ്മിത്തിന്റെ തന്ത്രമാണ് കോലിയെ വീഴ്‌ത്തിയത്. നേരത്തെ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയ മുരളി വിജയ് 82 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 75 റണ്‍സുമായി പൂജാര ക്രീസിലുണ്ട്. രഹാനെയാണ് പൂജാരയ്ക്ക് കൂട്ട്.

ഈ പരമ്പരയില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ട് സെഞ്ചുറി നേടിയപ്പോള്‍ കോലിക്ക് ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തം പേരില്‍ കുറിക്കാനായിട്ടില്ല. ഓസീസ് പരമ്പരയ്ക്ക് മുമ്പ് തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ടസെഞ്ചുറി നേടി റെക്കോര്‍ഡിട്ട കോലിക്ക് പക്ഷെ ഓസ്ട്രേലിയക്കെതിരെ തൊട്ടതെല്ലാം പിഴച്ചു.