ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 94 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം നൽകുന്നതിൽ അവരുടെ ഓപ്പണര്‍ എയ്‌ഡൻ മര്‍ക്രാം നിര്‍ണായക പങ്ക് വഹിച്ചു. സെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ പുറത്തായങ്കിലും ഇന്ത്യൻ നായകൻ വിരാട് കോലി, മര്‍ക്രാമിനെ അഭിനന്ദിച്ചതാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മര്‍ക്രാമിന് അടുത്തെത്തി, നന്നായി കളിച്ചെന്നും, നിര്‍ഭാഗ്യംകൊണ്ടാണ് സെഞ്ച്വറി നഷ്‌ടമായതെന്നും കോലി പറഞ്ഞു. കൈവിരൽ ഉയര്‍ത്തിയാണ് കോലി, മര്‍ക്രാമിനെ ആദ്യം അഭിനന്ദിച്ചത്. ഇത് തനിക്ക് ഏറെ ആവേശകരമായിത്തോന്നിയെന്ന് പിന്നീട് മര്‍ക്രാം പറഞ്ഞു. കോലിയെപ്പോലെ വലിയൊരു കളിക്കാരൻ തന്നെ അഭിനന്ദിച്ചത് മഹത്തരമായി തോന്നുന്നു. ഇന്നത്തെ കാലത്ത് അധികമാരും ചെയ്യാത്ത കാര്യമാണിത്. വലിയ മനസുള്ളവര്‍ക്കാണ് എതിരാളികളെ തുറന്ന് അഭിന്ദിക്കാൻ കഴിയുകയുള്ളു. ടിവിയിൽ ഏറെ ആരാധനയോടെയാണ് താൻ കോലിയുടെ ബാറ്റിങ് കണ്ടിട്ടുള്ളതെന്നും മര്‍ക്രാം പറയുന്നു. ടെസ്റ്റ് കരിയറിൽ ഏഴാമത്തെ ഇന്നിംഗ്സ് മാത്രം കളിച്ച മര്‍ക്രാം ഇതു രണ്ടാം തവണയാണ് തൊണ്ണൂറുകളിൽ പുറത്താകുന്നത്. അരങ്ങേറ്റ മൽസരത്തിൽ 2017 സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ 97 റണ്‍സിനാണ് മര്‍ക്രാം പുറത്തായത്.

