ഡെറാഡൂണ്‍: ഒരുസമയത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒന്നായിരുന്നു വിരാട് കൊഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയം. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷം ഇവരെ ഒരുമിച്ചുകണ്ടതായി പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ, ക്രിസ്‌മസ്-പുതുവര്‍ഷം ആഘോഷിക്കുന്നതിനായി കൊഹ്‌ലിയും അനുഷ്‌കയും ഉത്തരാഖണ്ഡില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തില്‍ എത്തിയ ഇരുവരും റിഷികേഷിന് 12 കിലോമീറ്റര്‍ അകലെയുള്ള ആനന്ദ് ഹോട്ടലിലേക്ക് പോയി. ക്രിക്കറ്റില്‍ കൊഹ്‌ലിയും ബോളിവുഡില്‍ അനുഷ്‌കയും മിന്നിത്തിളങ്ങിയ വര്‍ഷമാണ് കടന്നുപോയത്. ഈ കലണ്ടര്‍ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2595 റണ്‍സാണ് കൊഹ്‌ലി അടിച്ചുകൂട്ടിയത്. മൂന്നു ഇരട്ടസെഞ്ച്വറിയും കൊഹ്‌ലി നേടിയിരുന്നു. സുല്‍ത്താന്‍, ഏ ദില്‍ ഹേ മുഷ്കില്‍ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായിരുന്നു അനുഷ്‌കയുടെ ക്രഡിറ്റിലുള്ളത്. കരിയറില്‍ ഏറെ നേട്ടം കൊണ്ടുവന്നതിനാല്‍ ക്രിസ്‌മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ തന്നെയാണ് താരങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഇവര്‍ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.