ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിങ് പ്രകടനങ്ങളുമായി മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ഇന്ന് ലോകത്തെ ഏതൊരു ബൗളര്‍ക്കും പേടിസ്വപ്‌നമായി കൊഹ്‌ലി മാറി കഴിഞ്ഞു. ടെസ്റ്റെന്നോ ഏകദിനമെന്നോ വ്യത്യാസമില്ലാത്തെ റണ്‍സടിച്ചുകൂട്ടുകയാണ് കൊഹ്‌ലി. ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കൊഹ്‌ലി സ്വന്തം പേരിലാക്കുന്നു. ഈ കൊഹ്‌ലി ഏറ്റവുമധികം ആരാധിക്കുന്ന ഒരു ബൗളറുണ്ട്. അത് ആരാണെന്ന് അറിയാമോ? അതിന് ഉത്തരം കൊഹ്‌ലി തന്നെ പറഞ്ഞിരിക്കുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മല്‍സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൊഹ്‌ലി തന്റെ ആരാധനാപാത്രമായ ബൗളറെക്കുറിച്ച് പറയുന്നത്. ഓസീസ് സ്‌ട്രൈക്ക് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് കൊഹ്‌ലിയുടെ മനംകവര്‍ന്ന ബൗളര്‍. ഐപിഎല്ലില്‍, ആര്‍സിബിയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം കളിച്ച അനുഭവം ഒരിക്കലും മറക്കാനാകില്ലെന്ന് കൊഹ്‌ലി പറഞ്ഞു.
ലോകോത്തര നിലവാരമുള്ള ബൗളറാണ് സ്റ്റാര്‍ക്ക് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് കൊഹ്‌ലി പറഞ്ഞു. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടുന്നുണ്ടെങ്കിലും, ക്രിക്കറ്റ് കളിക്കുന്ന സ്റ്റാര്‍ക്ക് അപാരമായ പ്രകടനമാണ് കാഴ്‌ചവെക്കുന്നതെന്നും കൊഹ്‌ലി പറയുന്നു. തന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നേടിട്ട സ്റ്റാര്‍ക്ക് അല്ല ഇന്നുള്ളതെന്നും കൊഹ്‌ലി പറഞ്ഞു. ഒരു ബൗളര്‍ എന്ന നിലയില്‍ വലിയ വളര്‍ച്ചയാണ് സ്റ്റാര്‍ക്ക് കൈവരിച്ചിട്ടുള്ളത്. ഇന്ന് ഓസീസ് ബൗളിംഗ് ആക്രമണം നയിക്കുന്നത് സ്റ്റാര്‍ക്ക് ആണ്. ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് ഏറെ ഭീഷണിയാകുന്നതും സ്റ്റാര്‍ക്കിന്റെ സ്‌പെല്ലുകളായിരിക്കുമെന്ന് കൊഹ്‌ലി പറഞ്ഞു. പേസ് ബൗളിംഗിന് അനുകൂലമല്ലാത്ത ഇന്ത്യന്‍ പിച്ചുകളില്‍പ്പോലും വേഗവും ബൗണ്‍സും കണ്ടെത്താന്‍ സ്റ്റാര്‍ക്കിന് സാധിക്കുമെന്നാണ് കൊഹ്‌ലി പറയുന്നത്.
