മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം നീയകന്‍ വിരാട് കൊഹ്‌ലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിന-ട്വന്റി-20 ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്. അപ്പോഴും ടെസ്റ്റില്‍ ജോ റൂട്ടിനും കെയ്ന്‍ വില്യാംസണും സ്റ്റീവന്‍ സ്മിത്തിനും പിന്നില്‍ മാത്രമാണ് കളിവിദഗ്ധര്‍ കൊഹ്‌ലിയെ പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മറ്റാര്‍ക്കും നേടാനാവാത്ത അനുപമ നേട്ടത്തിന്റെ അമരത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ബാറ്റിംഗ് ശരാശരി 50 റണ്‍സിന് മുകളിലുള്ള ഏകതാരമാണ് വിരാട് കൊഹ്‌ലിയിപ്പോള്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനും. മുംബൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും സെഞ്ചുറി പിന്നിട്ടതോടെയാണ് കൊഹ്‌ലിയുടെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി 50 പിന്നിട്ടത്. 50.7 ആണ് ഇപ്പോഴും ക്രീസിലുള്ള കൊഹ്‌ലിയുടെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി. ഏകദിനത്തില്‍ 52.93 റണ്‍സ് ശരാശരിയുള്ള കൊഹ്‌ലിക്ക് ട്വന്റി-20യില്‍ 57.13 ബാറ്റിംഗ് ശരാശരിയുണ്ട്.
സമകാലീനരായ മറ്റുതാരങ്ങളാരും കൊഹ്‌ലിയുടെ നേട്ടത്തിനടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ടെസ്റ്റില്‍ 50ന് മുകളില്‍ ശരാശരിയുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന് ഏകദിനത്തില്‍ 45.71 ഉം ട്വന്റി-20യില്‍ 37.50 ഉം മാത്രമാണ് ശരാശരിയുള്ളത്. മികവിന്റെ കാര്യത്തില്‍ കൊഹ്‌ലിയോട് മത്സരിക്കുന്ന മറ്റൊരു താരമായ കീവീസ് നായകന്‍ കെയ്ന്‍ വില്യാംസണകട്ടെ മൂന്ന് ഫോര്‍മാറ്റിലും 50ല്‍ താഴെയാണ് ബാറ്റിംഗ് ശരാശരി. ടെസ്റ്റില്‍ 57 റണ്‍സ് ശരാശരിയുള്ള ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന് ഏകദിനത്തില്‍ 42.98 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ട്വന്റി-20യില്‍ വെറും 21.55 മാത്രമെ ശരാശരിയുള്ളു.
