കൊളംബോ: ബാറ്റിങില്‍ മാസ്‌മരിക ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മുന്നില്‍ ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ വഴിമാറുന്നു. ഏകദിന ക്രിക്കറ്റില്‍ പുതിയൊരു നേട്ടം കൂടി കുറിച്ചാണ് ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ കോലി ബാറ്റിങ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ കോലിക്ക് കഴിഞ്ഞു. 29മത്തെ സെഞ്ച്വറി തികച്ച കോലി ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ മറികടന്നാണ് മൂന്നാമതെത്തിയത്. ഈ പട്ടികയില്‍ ഇനി 30 സെ‌ഞ്ച്വറി നേടിയിട്ടുള്ള റിക്കി പോണ്ടിംഗും 49 സെഞ്ച്വറി നേടിയിട്ടുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് കോലിക്ക് മുന്നിലുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ റിക്കി പോണ്ടിംഗിനൊപ്പം രണ്ടാം സ്ഥാനം പങ്കിടാന്‍ കോലിക്ക് സാധിക്കും. ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 96 പന്തില്‍ 131 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 17 ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പെടുന്നു. ശിഖര്‍ ധവാന്‍ പുറത്തായതോടെ രണ്ടാമത്തെ ഓവറില്‍ ക്രീസിലെത്തിയ കോലി ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചാണ് മുന്നേറിയത്.