റാഞ്ചി: കൊഹ്‌ലിയുടെ കീഴിലെ മികച്ച ജയങ്ങളാണ് ധോണിയുടെ രാജി നേരത്തെയാക്കിയത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ നിയന്ത്രണം കൊഹ്‌ലിക്കാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യയിൽ നടന്ന ലോക ട്വന്‍റി 20യിലെ തോൽവിക്കുശേഷം വിരമിക്കുമോയെന്ന് ചോദിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകനെ ധോണി കൈകാര്യം ചെയ്ത രീതി ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.

ടീമിലുള്ളിടത്തോളം ക്യാപ്റ്റനാകാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്ന ധോണിക്ക് കൊഹ്‌ലിപ്പട ടെസ്റ്റിൽ നടത്തിയ മുന്നേറ്റം സമ്മര്‍ദ്ദമേകി. ഫിനിഷര്‍ എന്ന നിലയിൽ പ്രതാപ കാലം പിന്നിടുകയും ചെയ്തതോടെ ഓരോ പരാജയത്തിന് ശേഷവും കുത്തുവാക്കുകള്‍ കേള്‍ക്കേണ്ട നിലയിലായി ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍. ശാരീരികക്ഷമതയ്ക്കും മികവിനും പ്രാധാന്യം നൽകുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ഔദാര്യത്തിന് കാത്ത് നില്‍ക്കാതെ സ്വയം തെരഞ്ഞെടുത്ത സമയത്ത് ക്യാപ്റ്റന്‍ പദവിയൊഴിയുകയാണ് ധോണി.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീം തെരഞ്ഞെടുപ്പിനായി ചേരുമ്പോള്‍ കൊഹ്‌ലിയല്ലാതെ മറ്റൊരു പേരും ക്യാപ്റ്റന്‍ പദവിയിലേക്ക് സെലക്ടമാര്‍ക്ക് മുന്നിലുണ്ടാകില്ല. പവാറിന്റെ പ്രതാപകാലത്ത് സച്ചിന്‍ നിര്‍ദേശിച്ചതിനാല്‍ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത ധോണി കൊഹ്‌ലിക്കായി വഴിമാറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിൽ തലമുറമാറ്റവും പൂര്‍ണമാകും.
ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടുപോയ കൊഹ്‌ലിയെ കാത്തിരിക്കുന്ന ആദ്യ പ്രധാന വെല്ലുവിളി ജൂണിൽ ഇംഗ്ലണ്ട് ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിയാകും.
