കോലിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഭാര്യയും ബോളിവുഡ് താരവുമായ അനൂഷ്ക ശര്‍മ. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുമുണ്ട്

മുംബെെ: വിദേശത്ത് പര്യടനങ്ങള്‍ക്കായി പോകുമ്പോള്‍ താരങ്ങള്‍ക്ക് ഭാര്യമാരെയും കൂടെ കൊണ്ട് പോകാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടു. പരമ്പര അവസാനിക്കുന്നത് വരെ താരങ്ങള്‍ക്ക് ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്നും കോലി ആവശ്യപ്പെട്ടു.

ഇപ്പോള്‍ രണ്ടാഴ്ച മാത്രമാണ് വിദേശ പര്യടനങ്ങളില്‍ താരങ്ങളോടൊപ്പം ഭാര്യമാര്‍ക്ക് താമസിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളൂ. കോലിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഭാര്യയും ബോളിവുഡ് താരവുമായ അനൂഷ്ക ശര്‍മ.

ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുമുണ്ട്. ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗത്തോടാണ് കോലി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിന് ശേഷം സുപ്രീം കോടതി നിയമിച്ച ഉന്നത അധികാര സമിതിക്ക് മുന്നിലും ഈ ആവശ്യം എത്തിയിട്ടുണ്ട്.

പക്ഷേ, അതിവേഗം ഈ വിഷയത്തില്‍ നടപടിയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. ബിസിസിഐയുടെ പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം മാത്രമേ നിയമങ്ങളില്‍ മാറ്റം വരുവാന്‍ സാധ്യതയുള്ളൂ.

കുടുംബത്തെ താരങ്ങള്‍ കൂടെ കൊണ്ട് പോകുന്നതിന് പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ പല ഘട്ടത്തില്‍ നിരവധി താരങ്ങള്‍ രൂക്ഷ പ്രതികരണവുമായി എത്തിയിട്ടുമുണ്ട്.