സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ അഗ്രഗണ്യന്‍ തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അതുകൊണ്ടുതന്നെയാണ് കോലി, ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളിലെ ഹോട്ട് ടോപിക് ആകുന്നത്. കോലിയെക്കുറിച്ചുള്ള എന്തുവിശേഷവും വാര്‍ത്തയാകും. കോലി എന്നു പറഞ്ഞാലും അത് വന്‍പ്രാധാന്യമുള്ള വാര്‍ത്തയായിരിക്കും. ഇപ്പോഴിതാ, നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ആരാണെന്ന ചോദ്യത്തിന് മറുപടിയുമായാണ് കോലി രംഗത്തെത്തിയിരിക്കുന്നത്. പാക് ബൗളര്‍ മൊഹമ്മദ് ആമിറാണ് കോലിയെ ഏറെ ബുദ്ധിമുട്ടിച്ചത്. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനുമൊത്തുള്ള ഒരു ടിവി ഷോയിലാണ് കോലി മനസ് തുറന്നത്. താന്‍ നേരിടാന്‍ ഏറെ പ്രയാസപ്പെട്ട ബൗളറാണ് ആമിര്‍ എന്ന് കോലി തുറന്നു സമ്മതിക്കുന്നു. നേരത്തെയും ആമിറിനെ പുകഴ്‌ത്തി കോലി രംഗത്തെത്തിയിരുന്നു. ആമിറിന് തന്റെ ബാറ്റ് സമ്മാനിക്കുകയും ചെയ്തിരുന്നു. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറെ മൂല്യമുള്ള സമ്മാനമെന്നായിരുന്നു ആമിറിന്റെ പ്രതികരണം. കോഴക്കേസില്‍നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആമിര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇക്കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞ് പാകിസ്ഥാന് വിജയം സമ്മാനിച്ചത് ആമിറായിരുന്നു. അന്ന് കോലിയുടെ വിക്കറ്റും ആമിറിനായിരുന്നു.