പൂനെ: ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്‌ലിയുടെ സെഞ്ചുറിയുടെയും മധ്യനിരയില്‍ ക്യാപ്റ്റന് കരുത്തുറ്റ പിന്തുണ നല്‍കിയ കേദാര്‍ ജാദവിന്റെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ടിനെിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ജയത്തിലേക്ക്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 33 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെന്ന നിലയിലാണ്. 106 റണ്‍സുമായി കൊഹ്‌ലിയും 88 റണ്‍സോടെ ജാദവും ക്രീസില്‍.

63/4 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്. കൊഹ്‌ലിയുടെ ഇരുപത്തിയേഴാം ഏകദിന സെഞ്ചുറിയാണ് പൂനെയില്‍ പിറന്നത്. 93 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സറും പറത്തിയാണ് കൊഹ്‌‌ലി സെഞ്ചുറി തികച്ചത്. വോക്സിന്റെ പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ സിക്സര്‍ പറത്തിയാണ് കൊഹ്‌ലി മൂന്നക്കത്തിലെത്തിയത്.

മറുവശത്ത് ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കിയ ജാദവ് കൂടുതല്‍ ആക്രമണോത്സുക ബാറ്റിംഗാണ് പുറത്തെടുത്തത്. 29 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ജാദവ് 53 പന്തിലാണ് 86 റണ്‍സെടുത്തത്. നേരത്തെ ഓപ്പണര്‍മാരായ ശീഖര്‍ ധവാനും(1) കെഎല്‍ രാഹുലും(8) നിരാശപ്പെടുത്തിയപ്പോള്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജ്(15) മികച്ച തുടക്കത്തിനുശേഷം പുറത്തായി. ആക്രമണ ബാറ്റിംഗ് കളിച്ചുതുടങ്ങിയ ധോണിക്ക്(6) പുള്‍ ഷോട്ടില്‍ പിഴച്ചു. പവര്‍ പ്ലേയിലെ ആദ്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.