സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറി(153) ആണ്. രണ്ട് വിക്കറ്റിന് 287 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് കോലിയിലൂടെ വീണ്ടും ചിറക് മുളയ്ക്കുകയായിരുന്നു. ടീം സെലക്ഷനെ ചൊല്ലി കോലിക്കെതിരെ തിരിഞ്ഞ മുന്‍ താരം വിരേന്ദര്‍ സെവാഗിന് സെഞ്ചുറിയിലൂടെ മറുപടി നല്‍കുകയായിരുന്നു കോലി.
രണ്ടാം ടെസ്റ്റില്‍ മൂന്ന് മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലിനെയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലിനെയും പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാറിന് പകരം ഇഷാന്ത് ശര്‍മയും ടീമിലുള്‍പ്പെടുത്തിയിരുന്നു. ആദ്യ ടെസ്റ്റിലെ പ്രകടനം പരിഗണിച്ചാണ് ധവാനെ പുറത്തിരുത്തിയതെങ്കില്‍ സെഞ്ചൂറിയനില്‍ പരാജയപ്പെട്ടാല്‍ കോലി മൂന്നാം ടെസ്റ്റില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സെവാഗ് പിന്നാലെ ആവശ്യപ്പെട്ടു.
എന്നാല്‍ സെഞ്ചൂറിയിലൂടെ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ടീം സെലക്ഷനിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇതിഹാസ താരം സുനില്‍ ഗവാസ്കറും കോലിക്കെതിരെ രംഗത്തെത്തിയിരുന്നു. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹനെയെ പുറത്തിരുത്തിയതും ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ ഭുവനേശ്വര് കുമാറിനെ അകാരണമായി പിന്‍വലിച്ചതുമാണ് കോലിയെ വിവാദത്തിലാക്കിയത്.
