ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച് ഹര്‍ഭജന്‍ സിംഗ് നടത്തിയ ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. കരിയറിന്റെ തുടക്കത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ലഭിച്ചിരുന്നെങ്കില്‍ തനിക്കും കുംബ്ലെയ്ക്കുമെല്ലാം കൂടുതല്‍ വിക്കറ്റ് നേടാനാവുമായിരുന്നുവെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

Scroll to load tweet…

ഹര്‍ഭജന്റെ ട്വീറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍, എത്ര ടേണിംഗ് പിച്ചായാലും നന്നായി ബൗള്‍ ചെയ്താലെ വിക്കറ്റ് കിട്ടൂ എന്നായിരുന്നു ഹര്‍ഭജനുള്ള കൊഹ്‌ലിയുടെ മറുപടി. പിച്ചില്‍ മാത്രമല്ല പന്ത് സ്പിന്‍ ചെയ്യുന്നത്. പന്തില്‍ എത്രത്തോളം വൈവിധ്യം കൊണ്ടുവരാന്‍ കഴിയുമെന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമത്.ട്വന്റി-20 ലോകകപ്പില്‍ നാഗ്പൂരിലെ പിച്ചില്‍ ഇന്ത്യയെ കടപുഴക്കിയി ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ തന്നെയാണ് ഇപ്പോഴും അവരുടെ ടീമിലുള്ളത്.

എന്നിട്ട് എന്തുകൊണ്ട് ഇപ്പോള്‍ അവര്‍ക്ക് വിക്കറ്റ് നേടാനായില്ല. അന്ന് അവര്‍ വിക്കറ്റ് നേടിയപ്പോള്‍ അവര്‍ നിലവാരമുള്ള സ്പിന്നര്‍മനാരും നമ്മള്‍ നിലവാരമില്ലാത്തവരുമായിരുന്നു. നമ്മുടെ പേസ് ബൗളര്‍മാര്‍ എല്ലാത്തരം പിച്ചുകളിലും വിക്കറ്റ് നേടിയിട്ടുണ്ട്. സിമന്റ് ട്രാക്കിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും ബൗളറുടെ മാനസികാവസ്ഥയിലാണ് കാര്യം. അത്രയേ ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളൂ എന്നായിരുന്നു കൊഹ്‌ലിയുടെ മറുപടി.