ആദ്യ മത്സരത്തില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലിന്‍
കൊല്ക്കത്ത: ഐപിഎല് പതിനൊന്നാം സീസണിന് മുന്നോടിയായുള്ള താരലേലത്തില് ഉയര്ന്ന തുക ലഭിച്ച താരങ്ങളിലൊരാളാണ് ഓസീസ് താരം ക്രിസ് ലിന്. താരലേലത്തില് 9.6 കോടി മുടക്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇക്കുറി കൂറ്റനടിക്കാരനെ സ്വന്തമാക്കിയത്. എന്നാല് സീസണ് തുടങ്ങുന്നതിന് മുമ്പ് താരത്തിന് പരിക്കേറ്റത് കൊല്ക്കത്ത ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഏപ്രില് ഏഴിന് ഐപിഎല് തുടങ്ങാനിരിക്കേ തന്റെ ആരോഗ്യനിലയെ കുറിച്ച് കൊല്ക്കത്തയ്ക്ക് ആശ്വാസകരമായ സൂചനകള് നല്കിയിരിക്കുകയാണ് ലിന്.'തന്റെ ആരോഗ്യനിലയില് പുരോഗതിയുണ്ട്. ഡോക്ടര്മാരും ഫിസിയോമാരും സന്തോഷവാന്മാരാണ്. അതിനാല് ആദ്യ മത്സരത്തില് തന്നെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ'- ലിന് പറയുന്നു. ഏപ്രില് എട്ടിന് റോയല് ചലഞ്ചേഴ്സുമായാണ് കൊല്ക്കത്തയുടെ ആദ്യ മത്സരം.
ഐപിഎല്ലില് 12 മത്സരങ്ങള് കളിച്ച ലിന് 38.4 ശരാശരിയില് 384 റണ്സ് നേടിയിട്ടുണ്ട്. 2012ല് ഡെക്കാന് ചാര്ജേഴ്സിലും 2013ല് സണ്റൈസേഴ്സിലുമായിരുന്നു ലിന് കളിച്ചത്. എന്നാല് 2014ല് കൊല്ക്കത്തയിലെത്തിയ താരം ആദ്യ മത്സരത്തില് തന്നെ മാന് ഓഫ് ദ് മാച്ച് പുരസ്കാരം നേടി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സൂപ്പര് താരത്തെ മറ്റൊരു ടീമിനും വിട്ടുകൊടുക്കാതെ കൊല്ക്കത്ത നിലനിര്ത്തുകയായിരുന്നു.
